തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കെ.മുരളീധരൻ എം.പി. നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചു. ഇപ്പോൾ കേരളമാകെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മോദി – പിണറായി കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയെ അയച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വികസനം കണ്ട് പഠിക്കാനാണെങ്കിൽ ഗുജറാത്തിൽ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വർഷം തുടർന്നിട്ടില്ല. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ പോകുന്നത്. ഇനി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ മോദി പറഞ്ഞാൽ അതും ഇവിടെ നടപ്പാക്കും. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയിൽ സമരക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണന്നും’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘പൊലീസിൽ നിന്ന് സി.പി.ഐക്കാർക്കും ഉമ്മ കിട്ടുന്നുണ്ടെന്ന് കാനം മറക്കരുത്.ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ടിക്കറ്റ് കാശ് പോലും നഷ്ടമാവും.എയിംസിന് ഉടൻ അനുമതി നൽകണമെന്ന് ആവശപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നൽകി.ശിവഗിരിയെ വർഗീയവത്ക്കരിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ ആക്ഷേപം ശരിയാണ്.പക്ഷെ ഇതിന് സി.പി.എമ്മും പിന്തുണ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും മുരളീധരൻ പറഞ്ഞു.
വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കുമെന്നും എന്നാൽ കെ മുരളീധരൻ കാരണം ഒരു ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.