ദല്‍ഹി/തിരുവനന്തപുരം: കേരളത്തിന് ലഭിക്കുന്ന എയിംസ് കോഴിക്കോട് അനുവദിക്കും. കിനാലൂരിലെ കെ.എസ്.ഐ.ഡി.സി ഭൂമിയിലായിരിക്കും എയിംസ് വരിക. കിനാലൂരിലെ 142 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സി റവന്യു വകുപ്പിന് കൈമാറാൻ ഉത്തരവിറങ്ങി. വ്യവസായ വകുപ്പിന്‍റെ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.
കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ കെ മുരളീധരന്‍ എം.പിയാണ് കോഴിക്കോട് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിന് കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുമതിയായതായി കേന്ദ്രം രേഖാമൂലം അറിയിച്ചിരുന്നു. എയിംസ് സ്ഥാപിക്കാന്‍ അനുകൂലമായ സ്ഥലങ്ങള്‍ അറിയിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാന്‍ അനുമതി നല്‍കിയിരിക്കുന്നത്..