ബുണ്ടസ്‍ലിഗയിൽ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്പ്തുറക്കാനായി കളി നിർത്തിവെച്ച് റഫറി. ജർമൻ ലീഗിൽ ഓസ്ബർഗും മെയിൻസും തമ്മിലുളള മത്സരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മെയിൻസിന്റെ സെന്റർ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിയത്.
സെന്റർ റഫറി മാത്തിയാസ് ജോലൻബെക്ക് അനുവാദം നൽകിയതോടെ ഗോൾകീപ്പർ റോബിൻ സെന്റർ നൽകിയ വെള്ളം കുടിച്ച് മൂസ നോമ്പ് തുറന്നു. വെള്ളം കുടിച്ച ശേഷം റഫറിക്ക് ഹസ്തദാനം ചെയ്ത ശേഷം മൂസ വീണ്ടും പന്ത് തട്ടാനായി ഓടി. കളിക്കളത്തിലെ ഈ മാതൃകാ പ്രവർത്തിയെ പ്രശംസിക്കുകയാണ് നെറ്റിസൺസ്.
Play was stopped during Augsburg vs. Mainz 05 so Moussa Niakhaté could have a moment to break his Ramadan fast just after sunset 👏 pic.twitter.com/TwfbcpBfn7
— ESPN FC (@ESPNFC) April 11, 2022
ജോലൻബെക്കിന്റെ മാതൃക പിന്തുടർന്ന് മറ്റൊരു റഫറി ബാസ്റ്റ്യൻ ഡാൻകെർട്ടും കളിക്കാരന് നോമ്പ് തുറക്കാനായി കളി നിർത്തിവെച്ചു. ആർ.ബി ലെപ്സിഷ്-ഹോഫൻഹെയിം മത്സരത്തിനിടെയാണ് താൽക്കാലിക ഇടവേള അനുവദിച്ചത്.
ഇതുസംബന്ധിച്ച് പൊതുനിർദേശമൊന്നുമില്ലെന്നും റമദാൻ മാസമായതിനാൽ കളിക്കാരുടെ ആവശ്യമനുസരിച്ച് നോമ്പ് തുറക്കാൻ അവസരം നൽകാമെന്ന് ജർമൻ റഫറി കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.