കര്‍ണാടകയില്‍ ഹലാല്‍ മാംസം വിറ്റ കച്ചവടക്കാരനു നേരെ ബജ്‌രംഗദള്‍ ആക്രമണം

0
347

ശിവമോഗ: ഹലാല്‍ മാംസം വിറ്റതിന് കര്‍ണാടകയില്‍ കച്ചവടക്കാരനു നേരെ ബജ്‍രംഗദള്‍ ആക്രമണം. ഭദ്രാവതിയിലാണ് മുസ്‍ലിം കച്ചവടക്കാരന്‍ ആക്രമിക്കപ്പെട്ടത്.

ഹലാല്‍ മാംസത്തിനെതിരെ ഉയരുന്ന ‘ഗുരുതരമായ എതിര്‍പ്പ്’ പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ചില ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്ത് ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നു. അതിനിടെ ഇവര്‍ കച്ചവടക്കാരനായ തൗസിഫിനെ ഭീഷണിപ്പെടുത്തി. തൗസിഫിന്റെ ഇറച്ചിക്കടയില്‍ ‘നോണ്‍-ഹലാല്‍’ ഇറച്ചി വില്‍ക്കണമെന്ന് ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നോണ്‍ ഹലാല്‍ മാംസം ഇപ്പോള്‍ കടയില്‍ ഇല്ലെന്നും താന്‍ സംഘടിപ്പിക്കാമെന്നും കച്ചവടക്കാരന്‍ പറഞ്ഞു. പ്രകോപിതരായ ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ കച്ചവടക്കാരനെ മര്‍ദിക്കുകയായിരുന്നു.

അക്രമികള്‍ക്കെതിരെ കേസെടുത്തെന്ന് ശിവമോഗ പൊലീസ് സൂപ്രണ്ട് (എസ്പി) ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു- “ബജ്‍രംഗദള്‍ പ്രവര്‍ത്തകര്‍ ആദ്യം തര്‍ക്കിച്ചു. തുടര്‍ന്ന് കച്ചവടക്കാരനെ ആക്രമിച്ചു. ഭദ്രാവതിയിലെ ഹൊസാമനെ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്തു”- ശിവമോഗ എസ്പി പറഞ്ഞു.

ശിവമോഗ ജില്ലയില്‍ സമാന സംഭവം അടുത്ത കാലത്ത് വേറെയും ഉണ്ടായിട്ടുണ്ട്. ഭദ്രാവതിയിലെ ഹോട്ടല്‍ ഉടമയെ ‘നോണ്‍-ഹലാല്‍’ മാംസം വിളമ്ബാത്തതിന് ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹലാല്‍ മാംസ വിഷയം സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം-

“ഹലാല്‍ പ്രശ്നം തുടങ്ങിയതേയുള്ളൂ. ഞങ്ങള്‍ അത് പഠിക്കേണ്ടതുണ്ട്. ഇത് ഒരു സമ്ബ്രദായമാണ്. ഇപ്പോള്‍ അതിനെക്കുറിച്ച്‌ ഗുരുതരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഞാന്‍ അത് പരിശോധിക്കും”. ചില വലതുപക്ഷ സംഘടനകള്‍ ഹലാല്‍ മാംസം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, “എന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ വലതുപക്ഷമോ ഇടതുപക്ഷമോ അല്ല, വികസന പക്ഷമാണ്” എന്നായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here