ഒടുവില്‍ റോക്കി ഭായിയുടെ വകയും ‘ചാമ്പിക്കോ’; ആരാധകരെ ഇളക്കിമറിച്ച് യഷ് കൊച്ചിയില്‍

0
397

കൊച്ചി: അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന കന്നഡ സിനിമയെ അന്താരാഷ്ട്രതലത്തിലേക്കെത്തിച്ച ചിത്രമായിരുന്നു കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ ചിത്രം ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കെല്ലാം മൊഴി മാറ്റി മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ 2 തിയറ്ററിലെത്താന്‍ പോവുകയാണ്. ഏപ്രിൽ 14 നാണ് ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ ലോകമെമ്പാടുമായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി യഷ് കൊച്ചിയിലെത്തിയപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ലുലു മാളിൽ വച്ചായിരുന്നു പ്രമോഷന്‍ പരിപാടികള്‍ നടന്നത്.

വെള്ളിത്തിരയിലേതു പോലെ നിമിഷനേരം കൊണ്ടാണ് യഷ് ആരാധകരെ കയ്യിലെടുത്തത്. നീ പോ മോനെ ദിനേശാ എന്ന മോഹന്‍ലാലിന്‍റെ ഹിറ്റ് ഡയലോഗ് പറഞ്ഞുകൊണ്ടാണ് യഷ് സംസാരിച്ചുതുടങ്ങിയത്. ആര്‍പ്പുവിളികളോടെയായിരുന്നു ആരാധകരുടെ പ്രതികരണം. തുടര്‍ന്ന് ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ വൈറല്‍ ഡയലോഗ് ‘ചാമ്പിക്കോ’ പറയുമ്പോള്‍ വാനോളമെത്തി. സിനിമയിലെ ഇതിഹാസങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് പറഞ്ഞ റോക്കി ഭായ് തനിക്ക് അവരുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. മോഹന്‍ലാല്‍ വളരെ നല്ലൊരു മനുഷ്യനാണെന്നും കുറെയധികം സമയങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടുണ്ടെന്നും പറഞ്ഞു. ”ടൊവിനോ വിളിക്കാറുണ്ട്. പൃഥ്വിരാജും ദുല്‍ഖറുമായും ബന്ധമുണ്ട്. കേരളത്തില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ബെംഗളൂരുവിലെ എന്‍റെ കൂട്ടുകാരില്‍ ഭൂരിഭാഗവും മലയാളികളാണ്” യഷ് പറഞ്ഞു.

കെജിഎഫ് രണ്ടാം ഭാഗത്തെ വളരെയധികം പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രയിലര്‍ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. രവീണ ടണ്ടനാണ് പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, രാമചന്ദ്ര രാജു, മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here