ഐ.പി.എൽ പെരുമാറ്റ ചട്ട ലംഘനം; കെ.എൽ രാഹുലിന് പിഴ, സ്‌റ്റോണിസിന് ശാസന

0
470

ഐ.പി.എൽ പെരുമാറ്റ ചട്ട ലംഘിച്ചതിന് ലക്‌നൗ സൂപ്പർ ജയൻറ്‌സ്‌ ക്യാപ്റ്റൻ കെ.എൽ രാഹുലിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ. ലെവൽ ഒന്നിൽപ്പെടുന്ന സമാന കുറ്റം ചെയ്തതിന് സഹതാരമായ മാർകസ് സ്‌റ്റോണിസിന് ശാസനയും നേരിടേണ്ടി വന്നു. മുംബൈയിൽ വെച്ച് നടന്ന റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലുണ്ടായ മോശം പെരുമാറ്റത്തിന് നടപടികളെന്ന് ഐപിഎൽ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഏത് പ്രവൃത്തിയാണ് നടപടിക്കിടയാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ആർസിബി 18 റൺസിന് ജയിച്ച മത്സരത്തിൽ ജോഷ് ഹേസൽവുഡിന്റെ ഓവറിൽ ഓൺ ഫീൽഡ് അമ്പയർക്കെതിരെ സ്‌റ്റോണിസ് കയർത്ത് സംസാരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഒന്നാം ലെവൽ പെരുമാറ്റ ചട്ട ലംഘനത്തിന് മാച്ച് റഫറിയുടെ തീരുമാനം അന്തിമമായാണ് കണക്കാക്കപ്പെടുന്നത്.

തീപ്പന്തുമായി പേസ് ബോളര്‍ ജോഷ് ഹേസല്‍വുഡ് അവതരിച്ചപ്പോള്‍ ലക്‌നൗവിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തകർപ്പൻ ജയം നേടുകയായിരുന്നു. 18 റൺസിനാണ് ബാംഗ്ലൂർ ലക്‌നൗവിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന് 163 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാലോവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി നാല് ലക്‌നൗ ബാറ്റര്‍മാരെയാണ് ഹേസല്‍വുഡ് കൂടാരം കയറ്റിയത്. 28 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയും 30 റൺസെടുത്ത കെ.എൽ രാഹുലുമാണ് ലക്‌നൗവിനായി അൽപ്പമെങ്കിലും പൊരുതിയത്. രണ്ടു വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേല്‍ ഹേസല്‍വുഡിന് മികച്ച പിന്തുണയാണ് നല്‍കിയത്.

നേരത്തെ വന്‍ ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന ബാംഗ്ലൂരിനെ തകർപ്പൻ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസാണ് മികച്ച സ്കോറിലെത്തിച്ചത്. 64 പന്തിൽ നിന്ന് രണ്ട് സിക്‌സുകളുടേയും 11 ഫോറുകളുടേയും അകമ്പടിയിൽ 96 റൺസാണ് ഡുപ്ലെസിസ് അടിച്ചത്. ലക്‌നൗവിനായി ദുശ്മന്ത ചമീരയും ജെയസണ്‍ ഹോള്‍ഡറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ലക്‌നൗ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം ഓവർ എറിയാനെത്തിയ ചമീര ബാംഗ്ലൂരിനെ ഞെട്ടിച്ച് അടുത്തടുത്ത പന്തുകളിൽ അനൂജ് റാവത്തിനേയും വിരാട് കോഹ്ലിയേും കൂടാരം കയറ്റി. വിരാട് കോഹ്‍ലി സംപൂജ്യനായാണ് മടങ്ങിയത്.പിന്നീട് ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ് വെൽ 11 പന്തിൽ നിന്ന് 23 റൺസെടുത്ത് കത്തിക്കയറിയെങ്കിലും അഞ്ചാം ഓവറിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ക്രുണാൽ പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ഒത്തു ചേർന്ന ഫാഫ് ഡുപ്ലെസിസും ഷഹബാസും ചേർന്നാണ് വൻ ബാറ്റിങ് തകർച്ചയിൽ നിന്ന് ബാംഗ്ലൂരിനെ കരകയറ്റിയത്. ടീം സ്‌കോർ 132 ലെത്തിയതിന് ശേഷമാണ് ഷഹബാസ് മടങ്ങിയത്. ഷഹബാസ് 26 റണ്‍സെടുത്തു. 8 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത് ദിനേശ് കാര്‍‌ത്തിക്ക് പുറത്താവാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here