തിരുവനന്തപുരം: ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവത്തില്‍ എ.ഐ.സി.സി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളത്തിലായിരുന്നു വി.ഡി. സതീശന്‍ കെ.വി. തോമസിന്റെ ആരോപണങ്ങള്‍ തള്ളിയത്. ഇഫ്താര്‍ വിരുന്ന് നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.
‘ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിനോട് എന്ത് മറുപടി പറയാനാണ്. കെ. കരുണാകരന്‍ പ്രതിപക്ഷ നേതാവായിരിക്കെ തുടങ്ങിവെച്ച കീഴ്വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു.
പാര്‍ട്ടി വിലക്ക് ഉണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നു. ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം,’ വി.ഡി. സതീശന്‍ പറഞ്ഞു.
ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി അടുത്തിടപഴകിയതും എ.ഐ.എസ്.എഫ് സെമിനാറില്‍ പി.സി. വിഷ്ണുനാഥ് പങ്കെടുത്തതും ചൂണ്ടിക്കാട്ടി എ.ഐ.സി.സി അച്ചടക്ക സമിതിയ്ക്ക് കെ.വി. തോമസ് കത്തയക്കുകയായിരുന്നു.
വ്യക്തിപരമായി ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് കത്തില്‍ ചോദിക്കുന്നുണ്ട്.
എ.ഐ.എസ്.എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പി.സി. വിഷ്ണുനാഥ് പങ്കെടുത്തത്. സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെ.പി.സി.സി ശിപാര്‍ശ ചെയ്തത്. താന്‍ ചെയ്ത അതേ തെറ്റല്ലേ വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെ.വി. തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.