ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നത് സംവരണാനുകൂല്യം നഷ്ടമാകാന്‍ കാരണമാവില്ല: ഹൈക്കോടതി

0
195

കൊച്ചി: ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചാല്‍ സംവരണാനുകൂല്യം നഷ്ടമാകില്ലെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ പേരില്‍ സംവരണാനുകൂല്യം നിഷേധിച്ചതിനെതിരെ ലത്തീന്‍ കത്തോലിക്ക വിഭാഗകാരിയായ ബെക്‌സി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ബെക്‌സി 2005ല്‍ റോമന്‍ കാത്തോലിക്ക വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചു. ഇരട്ടയാര്‍ വില്ലേജ് ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് സിറോ മലബാര്‍ സഭയില്‍പ്പെട്ടയാളെ വിവാഹം കഴിച്ചതിനാല്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ടയാളാണെന്ന് സര്‍ട്ടിഫക്കറ്റ് നല്‍കാനാവില്ലെന്ന് അറിയിച്ചത്.

ഇതിനെതിരെയാണ് ബെക്‌സി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 16(4) പ്രകാരം സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തി മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം കഴിച്ചാല്‍ സംവരണമില്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഹൈക്കോടതി ഫുള്‍ ബെഞ്ച് വിധി സുപ്രീംകോടതി ശരിവെച്ചതുകൂടി പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ബെക്‌സിയുടെ എസ്.എല്‍.എല്‍.സി ബുക്കില്‍ ലത്തീന്‍ കത്തോലിക്ക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സംവരണാനുകൂല്യം നഷ്ടമാവില്ലെന്നും കോടതി വ്യക്തമാക്കി.

ഹരജികാരിക്ക് ജാതി സര്‍ട്ടിഫിക്കറ്റും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here