കൊച്ചി: നികുതിയായും വെള്ളക്കരമായും വിവിധ ഫീസ് ഇനങ്ങളായും സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്നലെ ജനങ്ങളുടെ ചുമലിൽ വന്നുവീണ അമിത ഭാരങ്ങൾക്കു പുറമേ, ഹോട്ടൽ ഭക്ഷണവില പൊള്ളുന്ന തരത്തിൽ വാണിജ്യ സിലിണ്ടറിന് വില കൂട്ടി.
അടിക്കടി ഉയരുന്ന ഇന്ധനവിലയിൽ നിന്ന് രക്ഷപ്പെടാൻ ഓട്ടോ റിക്ഷകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയ സി.എൻ.ജിക്കും വില കുത്തനെ ഉയർന്നു. പത്തു ദിവസം മുമ്പ് എട്ടര രൂപയോളം വില കുറച്ച വാണിജ്യ സിലിണ്ടറിനാണ് ഇന്നലെ 255 രൂപയിലേറെ വർദ്ധിപ്പിച്ചത്.
257.5 രൂപ ഉയർന്ന് 2,275 രൂപയാണ് തിരുവനന്തപുരത്ത് വാണിജ്യ സിലിണ്ടറിന് വില. 870 ഓളം ജീവൻരക്ഷാ മരുന്നുകൾക്കും 10 ശതമാനം വരെ വില കൂട്ടിയത് ഇതിനു പുറമേയാണ്. ദേശീയ പാതകളിൽ ടോൾ നിരക്കും 10 മുതൽ 65 രൂപവരെ കൂട്ടി.
സി.എൻ.ജിക്ക്
₹80
വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന് (സി.എൻ.ജി) കിലോയ്ക്ക് 9 രൂപവരെ കൂട്ടി. കൊച്ചിയിൽ 80 രൂപയായി. തിരുവനന്തപുരത്ത് വില 76.90 രൂപ; കോഴിക്കോട്ട് 84 രൂപ.
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.എം.ബി.ടി.യു) 2.90 ഡോളറിൽ നിന്ന് 6.10 ഡോളറിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് വില ഉയർന്നത്.
വിമാന ഇന്ധനവില
1.13 ലക്ഷത്തിലേക്ക്
വിമാന ഇന്ധനമായ (ജെറ്റ് ഫ്യുവൽ) ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്) വില രണ്ടു ശതമാനം കൂട്ടി. ന്യൂഡൽഹിയിൽ കിലോ ലിറ്ററിന് 1,12,924.83 രൂപയായി. 2,258.54 രൂപയാണ് വർദ്ധിച്ചത്.
ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങാനായതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടിയേക്കും.
പ്രതിസന്ധിയിൽ
തിളച്ച് ഹോട്ടലുകൾ
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷന് കീഴിൽ (കെ.എച്ച്.ആർ.എ) സംസ്ഥാനത്ത് 50,000 ഓളം ഹോട്ടലുകളുണ്ട്. കൊവിഡിൽ 12,000 ഹോട്ടലുകൾ പൂട്ടിപ്പോയിരുന്നു.
പ്രതിദിനം മൂന്ന് മുതൽ 20 വരെ വാണിജ്യ സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ സംസ്ഥാനത്തുണ്ട്. വില കൂട്ടിയതോടെ 750 മുതൽ 5,000 രൂപയുടെ വരെ അധികച്ചെലവാണ് പ്രതിദിനം ഹോട്ടലുകൾക്കുണ്ടാവുക.
” അരി, ചിക്കൻ, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്കെല്ലാം വില വർദ്ധിച്ചതിന് പുറമേയാണ് ഗ്യാസ് വിലക്കയറ്റം. ഉപഭോക്താക്കൾ കൈവിടുമെന്നതിനാൽ ഭക്ഷണവില വർദ്ധിപ്പിക്കാനാവില്ല. ഹോട്ടൽമേഖലയുടെ നട്ടെല്ലൊടിക്കുന്ന ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഇന്നും നാളെയും യൂണിറ്റുകളിൽ സമരം നടത്തും. പാർലമെന്റിലേക്കും ഉടൻ മാർച്ച് സംഘടിപ്പിക്കും””
ജി. ജയപാൽ,
സംസ്ഥാന പ്രസിഡന്റ്,
കെ.എച്ച്.ആർ.എ