ഹിജാബ് വിവാദം വീണ്ടും; ഉഡുപ്പിയിൽ വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

0
294

ഉഡുപ്പി: കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.

ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയ്ക്കാണ് വെള്ളിയാഴ്ച കര്‍ണാടകയില്‍ തുടക്കമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെങ്കിലും ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ, അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പ്രതിഷേധമെന്ന രീതിയില്‍ പരീക്ഷയ്‌ക്കെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനെതിരായ 15 പരാതികളാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഹിജാബ് ധരിക്കുകയെന്നത് അവിഭാജ്യ ഘടകമല്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

ജനുവരിയില്‍ ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധംപിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്. ഇതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘര്‍ഷത്തിന് വഴിമാറുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here