സിപിഎം പ്രർത്തകൻ ഹരിദാസിന്‍റെ കൊലപാതകം: ആർഎസ്എസ് പ്രവർത്തകൻ ഒളിവിൽ കഴിഞ്ഞത് സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ

0
388

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയും  ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് സി പി എം പ്രവർത്തകൻ്റെ വീട്ടിൽ. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിൻ്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും കക്കോത്ത് രാജൻ പറഞ്ഞു. പ്രശാന്തിൻ്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.

പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച സുഹൃത്തായ വീട്ടുടമസ്ഥ പി എം രേഷ്മയും അറസ്റ്റിലാണ്. രേഷ്മയും നേരത്തെ എസ്എഫ്ഐ പ്രവർത്തകയായിരുന്നു എന്നാണ് വിവരം. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണിവർ.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഹരിദാസ് വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസ് ആണെന്ന് തുടക്കം മുതൽ സിപിഎം ആരോപിക്കുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here