കോട്ടയം∙ കെ റെയിൽ പോകുന്ന വഴിയിലെ ജനാഭിപ്രായം തേടി മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയില്‍ നാടകീയ രംഗങ്ങൾ. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ കുറച്ചുപേർ ചേർന്ന് വെല്ലുവിളിച്ചതും തുടർന്ന് രാഹുൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നതുമാണ് നാടകീയ നിമിഷങ്ങൾ സൃഷ്ടിച്ചത്. സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ വി.ടി. ബൽറാം, ഷാഫി പറമ്പിൽ എംഎൽഎ, റോജി എം. ജോൺ തുടങ്ങിയവർ രംഗത്തെത്തി.
സിപിഎമ്മുകാർ കൊണ്ടുനിർത്തിയ ആളുകളാണ് പരിപാടിക്കിടെ പ്രശ്നം സൃഷ്ടിച്ചതെന്നാണ് കോൺഗ്രസ് ചേരിയിൽ നിന്നുള്ള വാദം. ഏതൊരു ക്യാംപസിലും ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടിക്ക് എതിർ പാർട്ടിക്കാർ ആരെങ്കിലും പ്രസംഗിക്കാൻ എഴുന്നേറ്റാൽ കാണുന്ന പതിവ് ദൃശ്യമാണിതെന്ന് വി.ടി. ബൽറാം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിലൂടെയാണ് ബൽറാം സിപിഎം പ്രവർത്തകർക്കെതിരെ രംഗത്തെത്തിയത്.
‘‘സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും പൂത്തുലഞ്ഞു നിൽക്കുന്ന ഏതൊരു ക്യാംപസിലും മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിക്ക് എതിർപാർട്ടിക്കാർ ആരെങ്കിലും പ്രസംഗിക്കാൻ എഴുന്നേറ്റാൽ കാണുന്ന പതിവ് ദൃശ്യം. ഇത്തവണ പക്ഷേ സ്ഥലം മാറിപ്പോയി, അപ്പുറത്ത് നിൽക്കുന്ന ആളും’ – ബൽറാം കുറിച്ചു.
ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസ്, ബിജെപി നേതാവ് ലിജിൻലാൽ, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സമരത്തിൽ പങ്കെടുക്കുന്നവരും അല്ലാത്തവരുമായ നാട്ടുകാരും സദസ്സിൽ ഉണ്ടായിരുന്നു. ഇതിനിടെ എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂർ യാത്ര ചെയ്യുന്നുണ്ടെന്നും വീട് വാങ്ങി നിൽക്കാൻ പണമില്ലെന്നും കെ റെയിലിനെ അനുകൂലിച്ച് പോണ്ടിച്ചേരി സർവകലാശാലയിലെ വിദ്യാർഥിനി പറഞ്ഞതിനു പിന്നാലെയാണ് തർക്കം ഉടലെടുത്തത്.
കെ റെയിലിൽ യാത്ര ചെയ്യാൻ ഒരു മാസം 24,000 രൂപ ചിലവാകുമെന്നും അതിലും ഭേദം എറണാകുളത്ത് 5000 രൂപ കൊടുത്ത് ഹോസ്റ്റലിൽ നിൽക്കുന്നതാണെന്നുമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. അത് എസ്എഫ്ഐ നൽകിയില്ലെങ്കില്‍ തങ്ങൾ നൽകുമെന്നും പറഞ്ഞു. ഇതോടെയാണ് സദസ്സിലുണ്ടായിരുന്ന ചിലർ രോഷം പ്രകടിപ്പിച്ചത്. ഇറങ്ങിവന്നാൽ കാണിച്ച് തരാമെന്ന് ഒരുവിഭാഗം വെല്ലുവിളിച്ചതോടെ വേദിയിൽ നിന്ന് ആളുകൾക്കിടയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങിച്ചെന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.