ദില്ലി: രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാജ്യത്തെ 85 % ജനങ്ങള്‍ക്കും വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. 15% വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മാത്രമല്ല ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
‘1974 ന് മുമ്പ് ഹലാല്‍ സര്‍ട്ടിഫിക്കെറ്റിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതല്‍ 1993 വരെ മാംസ ഉത്പന്നങ്ങള്‍ക്ക് മാത്രമായിരുന്നു ഹലാല്‍ സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഇന്ന് ടൂറിസം, മെഡിക്കല്‍ ടൂറിസം, മാധ്യമങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്’- ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കൂടാതെ 1974 ന് നല്‍കിയിട്ടുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായി പ്രഖ്യാപിക്കണമെന്നും ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്‌സി, ബ്രിട്ടാനിയ എന്നിവയോട് ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.