യു.എ.ഇ വിസാ നടപടികളിലെ മാറ്റം സെപ്തംബറോടെ നിലവില്‍ വരും

0
358

ദുബൈ: വിസാ നടപടികളില്‍ ഏറ്റവും പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം സെപ്തംബറോടെ നിലവില്‍ വരുമെന്ന് യു.എ.ഇ. സ്‌പോണ്‍സര്‍ ഇല്ലാത്ത വിസയുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഗ്രീന്‍വിസ,സന്ദര്‍ശക വിസ എന്നിവയാണ് സെപ്തതംബറോടെ നിലവില്‍ വരുന്നത്.

ഫ്രീലാന്‍സ് ജോലികള്‍, വിദഗ്ധ തൊഴില്‍, സ്വയം തൊഴില്‍ എന്നിവക്ക് അഞ്ചുവര്‍ഷത്തെ ഗ്രീന്‍വിസ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷണം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, താല്‍കാലിക ജോലി, ബിസിനസ് അന്വേഷണം എന്നിവക്കുള്ള സ്‌പോണ്‍സറില്ലാത്ത സന്ദര്‍ശക വിസ എന്നിവയും സെപ്തംബര്‍ മുതല്‍ നല്‍കിത്തുടങ്ങും.

പുതിയ പ്രഖ്യാപനപ്രകാരം എല്ലാ എന്‍ട്രി വിസകള്‍ക്കും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. ഇത്തരം വിസകള്‍ സമാന കാലയളവിലേക്ക് പുതുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കള്‍ക്ക് തങ്ങളുടെ ആണ്‍കുട്ടികളെ 18 വയസ് മുതല്‍ 25 വയസ് വരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.

ഇതുവഴി കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍, യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷവും യു.എ.ഇയില്‍ തുടരാനുള്ള അവസരം ലഭിക്കും. 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയുള്ളവര്‍ നിശ്ചിതകാലം യു.എ.ഇയില്‍ താമസിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ആറ് മാസം കൂടുമ്പോള്‍ യു.എ.ഇയിലെത്തി വിസ പുതുക്കണമെന്ന നിബന്ധനയും ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here