മതപരിവർത്തനത്തിനു ശ്രമം നടത്തിയെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ അധ്യാപികയെ പിരിച്ചുവിട്ടു. തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് സംഭവം. ആറാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയാണ് തയ്യൽ അധ്യാപികക്കെതിരെ പരാതി നൽകിയത്. ക്ലാസ് മുറിയിൽ അധ്യാപിക ക്രിസ്തുമതം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നും മതപരിവർത്തനത്തിനു ശ്രമം നടത്തി എന്നും വിദ്യാർത്ഥിനി പറയുന്നു.
ബുധനാഴ്ച കന്യാകുമാരിയിലെ കണ്ണാട്ടുവിലൈ സർക്കാർ സ്കൂളിലാണ് സംഭവം. ഇതിനെതിരെ വിദ്യാർത്ഥിനി പ്രതികരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. പരാതിയെ തുടർന്ന് പൊലീസ് സ്കൂളിലെത്തി സംഭവം അന്വേഷിച്ചു. വിദ്യാർത്ഥികളോട് കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അധ്യാപിക തങ്ങളെക്കൊണ്ട് ബൈബിൾ വായിപ്പിച്ചു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. “ഞങ്ങൾ ബൈബിൾ വായിക്കാറില്ല എന്ന് ഞാൻ പറഞ്ഞു. ഹിന്ദുക്കളായ ഞങ്ങൾ ഭഗവത് ഗീതയാണ് വായിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഗീത മോശമാണെന്നാണ് അധ്യാപിക പറഞ്ഞത്. ഉച്ചഭക്ഷണത്തിനു ശേഷം വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളെ വിളിച്ച് മുട്ടുകാലിൽ നിർത്തി പ്രാർത്ഥിക്കുമായിരുന്നു.”- വിദ്യാർത്ഥികൾ പൊലീസിനോട് വിശദീകരിച്ചു.
സംഭവത്തിനു പിന്നാലെ എഡിഎംകെയും ബിജെപിയും സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.