ബാക്ടീരിയ സാന്നിധ്യം; കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിച്ചതായി നിര്‍മ്മാതാക്കള്‍

0
184

അബുദാബി: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റ് യുഎഇയിലും ഖത്തറിലും പിന്‍വലിക്കുന്നതായി ചോക്കലേറ്റിന്റെ നിര്‍മ്മാതാക്കളായ ഫെററോ. കിന്‍ഡര്‍ ചോക്കലേറ്റുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് ബാക്ടീരിയ സാന്നിധ്യം സംശയിക്കുന്നത്. എന്നാല്‍ യുഎഇയിലും ഗള്‍ഫ് മേഖലയിലുമുള്ള കിന്‍ഡര്‍ സര്‍പ്രൈസ് ചോക്കലേറ്റുകളില്‍ സാല്‍മൊണെല്ല പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി ഉറപ്പാക്കി. ഫെററോ എന്ന ഇറ്റാലിയന്‍ കമ്പനി നിര്‍മ്മിക്കുന്ന ചോക്ലേറ്റാണ് കിന്റര്‍ സര്‍പ്രൈസ്.

‘ഫെററോയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിച്ച കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതായി യൂറോപ്പില്‍ നിന്നും വരുന്ന വാര്‍ത്തകളെ കണക്കിലെടുത്ത്, ജിസിസിയിലെ ഒരു ഉല്‍പ്പന്നത്തിലും സാല്‍മൊണെല്ല സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് ഫെററോ ഗള്‍ഫ് വീണ്ടും ഉറപ്പു നല്‍കുന്നു’- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഫെററോ, എട്ട് ഫാക്ടറികളില്‍ നിര്‍മ്മിച്ച് ജിസിസിയില്‍ വിതരണം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും ഒരെണ്ണം മാത്രമാണ് ബെല്‍ജിയത്തിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്- ഇത് ലാര്‍ജ് കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ എന്ന ഉല്‍പ്പന്നമാണ്. ‘മുന്‍കരുതല്‍ നപടിയെന്ന രീതിയില്‍, ഫെററോ ഗള്‍ഫ് ബെല്‍ജിയം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സി 100 ജിആര്‍ ഉല്‍പ്പന്നത്തിന്റെ 2022 ഒക്ടോബര്‍ 1 വരെ കാലാവധിയുള്ള പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഈ ഉല്‍പ്പന്നത്തിന്റെ പ്രത്യേക ബാച്ചുകള്‍ പിന്‍വലിക്കുന്നത്’- കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളുള്‍പ്പെടെ ഫെററോയുടെ മറ്റ്  ഉല്‍പ്പന്നങ്ങളെയൊന്നും ഈ തീരുമാനം ബാധിച്ചിട്ടില്ല. പിന്‍വലിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമല്ലെന്ന് ഉറപ്പാക്കാനായി റീട്ടെയ്‌ലര്‍മാരുമായി ബന്ധപ്പെടുകയാണെന്നും ഈ പ്രത്യേക ഉല്‍പ്പന്നം നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിക്കരുതെന്നും ഫെററോ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here