പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, രണ്ട് പേര്‍ക്ക് സസ്പെൻഷൻ

0
254

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എറണാകുളം റീജണൽ ഫയർ ഓഫീസർ കെ കെ ഷൈജുവിനെയും ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോഗിയെയും സസ്പെൻ്റ് ചെയ്തു. പരിശീലനം നൽകിയ മൂന്ന് ഫയർമാന്മാരെ സ്ഥലമാറ്റി. വകുപ്പ് തല നടപടിക്കും മുഖ്യമന്ത്രി ഉത്തരവിറക്കി. മൂന്ന് ഫയർമാൻ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നായിരുന്നു ഫയർ ഫോഴ്സ് മേധാവിയുടെ ശുപാർശ.

അതിനിടെ, മത-രാഷ്ട്രീയ സംഘടനകൾക്ക് ഫയർഫോഴ്സ് സേനാംഗങ്ങൾ പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്സ് മേധാവി സർക്കുലര്‍ ഇറക്കി. എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് സർക്കുലർ. സർക്കാർ അംഗീകൃത സന്നദ്ധ സംഘടനകൾ, വ്യാപാരി-വ്യവസായി മേഖലയുമായി ബന്ധപ്പെട്ട കൂട്ടായ്മകൾ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രം പരിശീലനം നൽകിയാൽ മതിയാകും. അപേക്ഷ ലഭിച്ച്, പരിശീലനത്തിന് ആളെ വിട്ടുനൽകുന്നതിന് മുൻപായി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തണമെന്നും സർക്കുലറിൽ പറയുന്നു. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടപടി വേണമെന്ന ശുപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് അടിയന്തര പ്രാധാന്യത്തോടെയുള്ള സർക്കുലർ.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് സംഭവം. കഴിഞ്ഞ മാസം മുപ്പതിനാണ് ആലുവ ടൗണ്‍ ഹാളില്‍വച്ച്  പോപ്പുലര്‍ ഫ്രണ്ട് റിലീഫ് ടീമിനായി അഗ്നിരക്ഷാ സേന പരിശീലനം നടത്തിയത്. അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍ അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു പരിശീലനം.ഇതാണ് വിവദമായത്.

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നല‍്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ എ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപെട്ടുകയായിരുന്നു. അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. സന്നദ്ധ സംഘടനകള്‍ റസി‍‍ഡന്‍റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവക്ക് പരിശീലനം നല്‍കാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here