കവരത്തി: ലക്ഷദ്വീപിലെ സ്കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനൊരുങ്ങി ദ്വീപ് ഭരണകൂടം. അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമിന് വിദ്യാഭ്യാസ ഡയറക്ടർ ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ നിന്നാണ് യൂണിഫോം മാറ്റം പുറത്തുവന്നത്. പെണ്‍കുട്ടികള്‍ക്ക് അരപ്പാവാടയും ആണ്‍കുട്ടികള്‍ക്ക് ട്രൗസറുമാണ് പുതിയ വേഷം.
പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ആണ്‍കുട്ടികള്‍ക്ക് ഹാഫ് പാന്‍റ്സ്, ഹാഫ് കൈയ്യുള്ള ഷര്‍ട്ട്. ആറു മുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്‍റ്, ഹാഫ്‌കൈ ഷര്‍ട്ട്. പെണ്‍കുട്ടികള്‍ക്ക് പ്രി സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാട, ഹാഫ് കൈ ഷര്‍ട്ട്. അതിനു മുകളില്‍ ഡിവൈഡര്‍ സ്‌കേര്‍ട്ട് എന്നിവയാണ് പുതിയ വേഷം. വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാളാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്.
നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാന്‍റും പെണ്‍കുട്ടികള്‍ക്ക് ചുരിദാറുമാണ് യൂണിഫോം. പെണ്‍കുട്ടികള്‍ക്ക് ഫുള്‍ പാവാടയും നിലവിലെ യൂണിഫോമിന്‍റെ ഭാഗമായി ധരിക്കാം. മതപരമായ നിഷ്ഠകള്‍ പാലിക്കുന്ന വസ്ത്രധാരണ രീതിയാണ് ലക്ഷദ്വീപ് നിവാസികള്‍ പിന്തുടരുന്നത്.