പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് സർക്കാരിന്‍റെ അനുമതി തേടണമെന്ന് മഹാരാഷ്ട്രയിലെ മുസ്ലീം സംഘടന

0
236

മുംബൈ: പള്ളികളിൽ ഉച്ചഭാഷിണികൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരിന്‍റെ അനുമതി വാങ്ങണമെന്ന് മഹാരാഷ്ട്രയിലെ ജംഇയ്യത്തുൽ-ഉലമ-ഇ-ഹിന്ദ് യൂനിറ്റ് സംസ്ഥാനത്തെ എല്ലാ പള്ളികളോടും അഭ്യർഥിച്ചു.

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാമെന്ന മുൻ കോടതി ഉത്തരവ് സംസ്ഥാനത്ത് നടപ്പിലാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നു. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്നത് സർക്കാർ നിർബന്ധമാക്കും.

ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മിക്ക പള്ളികളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് പൊലീസിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ ജംഇയ്യത്തുൽ-ഉലമ-ഇ-ഹിന്ദ് സെക്രട്ടറി ഗുൽസാർ അസമി മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും അനുമതി വാങ്ങാത്തവർ അത് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് വളരെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അവർ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണികളുമായി ബന്ധപ്പെട്ട തർക്കത്തെ മികച്ച രീതിയിലാണ് മഹാരാഷ്ട്ര സർക്കാർ കൈകാര്യം ചെയ്തതെന്നും എല്ലാവർക്കും നീതി ലഭിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയുടെ പരാമർശത്തെ തുടർന്നാണ് ഉച്ചഭാഷിണി വിഷയം സംസ്ഥാനത്ത് ആളിക്കത്തിയത്. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ എം.എൻ.എസ് പ്രവർത്തകർ പള്ളിക്ക് പുറത്ത് ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here