‘ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല’- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

0
459

കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ ബോർഡുകൾ സ്ഥാപിച്ചതായി സ്വതന്ത്ര മാധ്യമപ്രവർത്തകയായ ശരണ്യ എം. ചാരു ഫേസ്ബുക്കിൽ കുറിച്ചു. ”ഉത്സവകാലങ്ങളിൽ മുസ്‌ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല” എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ ആരാധനാ കർമങ്ങൾക്കു നേതൃത്വം നൽകുന്ന നാലൂര് സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയിട്ടുണ്ട്.

”കഴിഞ്ഞ വർഷം ഉത്സവത്തോട് അനുബന്ധിച്ച് ഈ ക്ഷേത്രത്തിൽ വച്ച് മുസ്‌ലിം മതസ്ഥർക്ക് പ്രവേശനമില്ലെന്ന ബോർഡ് കേരളം ഒന്നടങ്കം ചർച്ച ചെയ്തതായിരുന്നു. ബോർഡ് വൻ വിവാദമാവുകയും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തതോടെ താത്കാലികമായി അവിടെനിന്ന് മാറ്റിയിരുന്നു എന്നല്ലാതെ സ്ഥിരമായി ഉപേക്ഷിച്ചിരുന്നില്ല എന്ന കാര്യം നേരത്തെ അറിയാമായിരുന്നു.” ശരണ്യ എം. ചാരു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇപ്പോൾ വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളിൽനിന്ന് മുസ്‌ലിം മതസ്ഥരെ വിലക്കിക്കൊണ്ടുള്ള ബോർഡ് വീണ്ടും പരസ്യമായി സ്ഥാപിച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here