ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം

0
256

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നിര്‍മ്മാണത്തില്‍ അശ്രദ്ധ വരുത്തുന്ന കമ്പനികളുടെ വാഹനം തിരിച്ച് വിളിക്കാന്‍ ഉത്തരവിട്ട് കനത്ത പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

‘കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നത് ഏറ്റവും ദൗര്‍ഭാഗ്യകരമാണ്. ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും ഞങ്ങള്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.’ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

‘റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് നേരെ ആവശ്യമായ ഉത്തരവുകള്‍ ഞങ്ങള്‍ പുറപ്പെടുവിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഞങ്ങള്‍ ഉടന്‍ തന്നെ ഗുണനിലവാര കേന്ദ്രീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. ഏതെങ്കിലും കമ്പനി അവരുടെ നിര്‍മ്മാണ പ്രക്രിയകളില്‍ അശ്രദ്ധ കാണിച്ചാല്‍, കനത്ത പിഴ ചുമത്തും, കൂടാതെ എല്ലാ തകരാറുള്ള വാഹനങ്ങളും തിരിച്ചുവിളിക്കാന്‍ ഉത്തരവിടുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു.

അതേസമയം, തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കാന്‍ കമ്പനികള്‍ മുന്‍കൂര്‍ നടപടി സ്വീകരിച്ചേക്കാം. ഓരോ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ഗഡ്കരി വ്യക്തമാക്കി.

ഒകിനാവ, ഒല ഇലക്ട്രിക്, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇവ എന്നീ കമ്പനികള്‍ നിര്‍മ്മിച്ച വാഹനങ്ങളില്‍ കഴിഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ കത്തിനശിച്ചിരുന്നു. ഇത് സംബന്ധിച്ച് കമ്പനികള്‍ അന്വേഷണം നടത്തുകയാണ്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ കഴിഞ്ഞ ദിവസം വീടിനകത്ത് ചാര്‍ജ് ചെയ്യാന്‍ വച്ച സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ചിരുന്നു. നിസാമാബാദ് സ്വദേശിയായ രാമസ്വാമിയാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here