ഇനി സെൽഫി റെയിൽപ്പാളത്തിലോ എൻജിന് അടുത്തോ വേണ്ട; 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ

0
209

ചെന്നൈ: റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. സമാനമായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ നിന്ന് യാത്രചെയ്ത 767പേർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. പാളം മുറിച്ചുകടന്ന 1411 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് 200 ലധികം പേർ മരിക്കുകയോ ഗുരതരമായി പരിക്കേൽക്കുകയോ ചെയ്തു. സബർബൻ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിന് പ്രതിദിനം 5-10 പേരെ വരെ പിടികൂടി പിഴ ഈടാക്കുന്നുണ്ടെന്നും റെയിൽവേ അറിയിച്ചു.

ഫുട്‌ബോർഡിൽ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങൾ വഴി അടിക്കടി അറിയിപ്പുകൾ നൽകാൻ ചെന്നൈ ഡിവിഷൻ തീരുമാനിച്ചു. പ്രത്യേക ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും സ്റ്റേഷൻ പരിസരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്യും.

തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ വിന്യസിച്ചിരിക്കുന്ന റെയിൽവേ പൊലീസ് ഫോഴ്‌സ് (ആർപിഎഫ്) വാതിൽപ്പടി നിന്ന് യാത്ര ചെയ്യുക, ഓടുന്ന ട്രെയിനുകളിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുക, സെൽഫികൾ എടുക്കുക, മറ്റ് യാത്രക്കാരുടെ പ്രവേശനം തടയുക എന്നിവയൊക്കെ നിരീക്ഷിക്കും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here