കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന്, നിശ്ചയിച്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് നാലു തവണ പരാജയപ്പെട്ട വിമാനത്തിനുള്ളില്‍ നാടകീയ രംഗങ്ങള്‍. ലാന്റ് ചെയ്യാന്‍ കഴിയാതെ കൊടുങ്കാറ്റിലും മഴയിലും ഇടിമിന്നലിലും പെട്ട് ആകാശത്തുതന്നെ നിലയുറപ്പിച്ച വിമാനത്തിലെ യാത്രക്കാരന്‍ ‘ഞങ്ങളെ പുറത്തേക്കിറക്കണേ’ എന്നു പറഞ്ഞ് വിലപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി മാറിയ ക്ലിപ്പില്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റ് യാത്രക്കാരുടെ ദൃശ്യങ്ങളുമുണ്ട്.
അമേരിക്കയിലാണ് സംഭവം. മെക്‌സിക്കോയിലെ കാന്‍കന്‍ വിമാനത്താവളത്തില്‍നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള
ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ജെറ്റ് ബ്ലൂ 1852 വിമാനമാണ് കൊടുങ്കാറ്റിലും മഴയിലും പെട്ട് മണിക്കൂറുകളോളം നിലത്തിറങ്ങാനാവാതായത്. പ്രതികൂല കാലാവസ്ഥ വകവെയ്ക്കാതെ ലാന്റ് ചെയ്യാന്‍ പൈലറ്റ് നാലു തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കാലാവസ്ഥ മോശമായി തുടരുകയും ലാന്റിംഗ് അസാധ്യമാവുകയും ചെയ്തതിനെ തുടര്‍ന്ന് പിന്നീട്, ന്യൂ ജഴ്‌സിയിലെ നെവാര്‍ക്ക് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കി. അതിനുശേഷം കാറും കോളും അടങ്ങിയപ്പോള്‍ വിമാനം വീണ്ടും ജെ എഫ് കെ വിമാനത്താവളത്തില്‍തന്നെ ഇറക്കി.
ഇതിനിടയിലാണ് വിമാനത്തിലെ യാത്രക്കാര്‍ പരിഭ്രാന്തരായത്. പരിഭ്രമിക്കരുതെന്ന വിമാന ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ക്കിടയിലാണ് ഒരു യാത്രക്കാരന്‍ പരിഭ്രാന്തനായി വിമാന ജീവനക്കാരോട് സംസാരിച്ചത്. ഈ രംഗങ്ങള്‍ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് കാര്യങ്ങള്‍ ശാന്തമാവുകയും വിമാനം ജെ എഫ് കെ വിമാനത്താവളത്തില്‍ ഇറങ്ങുകയും ചെയ്തതിനു ശേഷം ഈ യാത്രക്കാരന്‍ വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതോടെ ഈ വീഡിയോ വൈറലായി മാറി. സോഷ്യല്‍ മീഡിയയില്‍ പലതരം കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
Unruly passengers! “We are scared to fly, we gotta get off this plane” After 4 aborted landings @jetblue flight diverted to Newark. I totally agree the crew kept the doors closed. After the thunderstorms passed they made the quick flight to JFK ✈️ pic.twitter.com/7CloR8KzQq
— Menno Swart (@MennoSwart) April 12, 2022
”അയ്യോ ഞങ്ങളെ എങ്ങനെയെങ്കിലും പുറത്തിറക്കൂ…” എന്ന് പറഞ്ഞാണ് വീഡിയോയില്‍ യാത്രക്കാരന്‍ നിലവിളിക്കുന്നത്. ”എല്ലാവരും ആകെ പരിഭ്രാന്തരാണ്. എങ്ങനെയെങ്കിലും ഇതില്‍നിന്ന് ഒന്നിറങ്ങിയാല്‍ മതി. മൂന്ന് മണിക്കൂര്‍ യാത്രയ്ക്ക് പകരം ആറു മണിക്കൂറായി ഞങ്ങള്‍ ഇതിലാണ്. ഇത് അപകടകരമാണ്. നാലു തവണ ലാന്റ് ചെയ്യാന്‍ നോക്കിയിട്ടും നടന്നില്ല. പറക്കാന്‍ ഇപ്പോള്‍ പേടിയാണ്. എങ്ങനെയെങ്കിലും ഞങ്ങളെ ഒന്നിറക്കി വിടാമോ?”-വീഡിയോയില്‍ ഇയാള്‍ പറയുന്നു.
”ജെ.എഫ്‌കെ വിമാനത്താവളത്തില്‍ തന്നെ ഇറങ്ങണം എന്നൊന്നുമില്ല. ഇത് ഞങ്ങളുടെ ജീവിതമാണ്. എല്ലാവരും വല്ലാത്ത അവസ്ഥയിലാണ്. ആളുകള്‍ക്ക് തലകറങ്ങുകയാണ്. മനുഷ്യനാണെന്ന ഒരിത്തിരി ബഹുമാനമെങ്കിലും കാണിക്കൂ…”-വിമാനജീവനക്കാരോടായി ഇയാള്‍ പറയുന്നു.
എന്നാല്‍, എല്ലാ യാത്രക്കാരും ഇയാളുടെ അവസ്ഥയിലായിരുന്നില്ല എന്ന് വിമാനജീവനക്കാര്‍ പറയുന്നു. എന്നാലും, ആളുകളെല്ലാം എങ്ങനെയെങ്കിലും ഒന്ന് താഴെയിറങ്ങിയാല്‍ മതി എന്ന അവസ്ഥയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആളുകള്‍ പരിഭ്രാന്തരാവുകയും ചെയ്തു എന്നത് ശരിയാണെങ്കിലും വിമാനം അവസാനം ജെ എഫ് കെ വിമാനത്താവളത്തില്‍ തന്നെ ഇറക്കാന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കൊന്നുമുണ്ടായില്ലെന്നും അവര്‍ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ തന്നെയാണ് തങ്ങള്‍ ഏറ്റവും പ്രധാനമായി പരിഗണിക്കുന്നതെന്ന് വിമാനക്കമ്പനി വക്താവ് അറിയിച്ചു. ”ഏത് കാലാവസ്ഥയെയും മാനേജ് ചെയ്യാനാവുന്ന പരിചയസമ്പന്നരാണ് ഞങ്ങളുടെ പൈലറ്റുമാര്‍.”-അദ്ദേഹം പറഞ്ഞു.
എന്തായാലും ഈ അനുഭവത്തിലൂടെ കടന്നുപോയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനി അവസാനം തയ്യാറായി. 50 ഡോളര്‍ ഓരോ യാത്രക്കാര്‍ക്കും ഫ്‌ളൈറ്റ് ക്രെഡിറ്റ് നല്‍കാനാണ് കമ്പനി തയ്യാറായത്.