റിയാദ്: സഊദിക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുന്ന യമനിലെ ഹൂതികൾക്ക് സാമ്പത്തിക സഹായം നൽകിയവരുടെ പേര് വിവരങ്ങൾ സഊദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി പുറത്ത് വിട്ടു. ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ചിരഞ്ജീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നീ രണ്ടു ഇന്ത്യക്കാരുടെ പേരാണ് ദേശീയ സുരക്ഷാ സേന പുറത്തുവിട്ട ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
പത്ത് വ്യക്തികളും 15 സ്ഥാപനങ്ങളെയുമാണ് തീവ്രവാദി ഹൂതി മിലിഷ്യയ്ക്ക് ധനസഹായം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്ന് സഊദി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അബ്ദു അബ്ദുല്ല ദാഇല്‍ അഹമ്മദ് (യമൻ), കോണ്‍സ്റ്റാന്റിനോസ് സ്റ്റാവ്‌റൈഡ്‌സ് (ഗ്രീസ്), സഈദ് അഹമ്മദ് (യമന്‍), ജാമി അലി (സോമാലിയ), ഹാനി അബ്ദുല്‍മജീദ് (യമന്‍), അബ്ദി നാസിര്‍ (ബ്രിട്ടന്‍), താലിബ് അലി (സിറിയ), അബ്ദുല്‍ ജലീല്‍ (സിറിയ) എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.
തീവ്രവാദ സംഘടനകളെയും ഈ സംഘടനകൾക്ക് ധനസഹായം നൽകുന്നവരെയും സൗകര്യങ്ങൾ നൽകുന്നവരെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമായി ഏകോപിപ്പിച്ചാണ് സഊദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി ലിസ്റ്റ് പുറത്ത് വിട്ടത്.