കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുട വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. സാമൂഹ്യ സേവനത്തിന് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തങ്ങളുടെ കുടുംബത്തോടെപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സാധിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘സ്വജീവിതം സമൂഹനന്മക്കും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ പാണക്കാട്ട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍.
അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്.
അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഹൈദരലി തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ഹൈദരലി തങ്ങളുടെ അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പാണക്കാട് നിന്നുള്ള പ്രതികരണം. അങ്കമാലി ആശുപത്രിയില്‍ നിന്നുള്ള ഔദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല. സംസ്‌കാരം തിങ്കളാഴ്ച പാണക്കാട് നടക്കും
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അങ്കമാലിയിലേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെയായിരുന്നു.
12 വര്‍ഷമായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ അദ്ദേഹമുണ്ടായിരുന്നു. 18 വര്‍ഷത്തോളം ലീഗിന്റെ മലപ്പുറം ജില്ലാ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.