നിറതോക്കുകളുമായി നിൽക്കുന്ന സൈനികനെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കൊച്ചു പെൺകുട്ടി. ഇടിക്കുന്നതിന് പുറമെ അയാളോട് തനിക്കാവുന്ന ഉച്ചത്തിൽ ആക്രോശിക്കുകയും ചെയ്യുന്നുണ്ട് ആ കൊച്ചു പെൺപുലി. യുക്രെയ്നിലെ ബാലികയുടെ വിഡിയോ എന്ന പേരിലാണ് ഈ ദൃശ്യം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ, ഈ കുരുന്ന് ഫലസ്തീനിലെ പെൺപുലിയായ അഹദ് തമീമിയാണെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.ടി.വി, ലോകമത് മറാത്തി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളും ഈ കുട്ടിയുടെ വിഡിയോ പ്രസിദ്ധീകരിച്ചിരുന്നു. “ഈ കൊച്ചു പെൺകുട്ടിയുടെ ധൈര്യം കണ്ടാൽ പുടിന് പോലും പരാജയപ്പെട്ടതായി തോന്നും” എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്. അതേസമയം വിഡിയോയുടെ വസ്തുത സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എൻ.ഡി.ടി.വി വ്യക്തമാക്കിയിരുന്നു.