സില്വര്ലൈന് പദ്ധതി സങ്കീര്‍ണമായ പദ്ധതിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. സില്‍വര്‍ലൈന് ഒട്ടേറെ സാങ്കേതികപ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ട്. പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടരുത്. കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച വളരെ ആശാവഹമായിരുന്നു. അതീവ താല്‍പര്യത്തോടെയാണ് സര്‍ക്കാര്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രി കേട്ടതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
രാവിലെ പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ വിശദവിവരങ്ങള്‍ ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.
തികച്ചും പരിസ്ഥിതി സൗഹൃദ പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അറുപത്തിമൂവായിരം കോടി രൂപയലധികം ചിലവ് വരുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വിവിധ ധനകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.