തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വില വർധിച്ചിരിക്കുന്നത്. 4840 രൂപയാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർദ്ധിച്ചു. 38720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 18 കാരറ്റ് സ്വർണത്തിന് 20 രൂപ ഗ്രാമിന് വർധിച്ചിട്ടുണ്ട്.
ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 4000 രൂപയായി. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 160 രൂപ ഉയർന്ന് 32000 രൂപയാണ് ഇന്നത്തെ വില. കേരളത്തിൽ ബോർഡ് റേറ്റ് റെക്കോർഡ് 2020 ഓഗസ്റ്റ് മാസത്തിൽ ആയിരുന്നു. ഓഗസ്റ്റ് 7ന് 5250 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് വില. 42000 രൂപയായിരുന്നു അന്ന് ഒരു പവൻ 22 കാരറ്റ് സ്വർണ വില.
ബജറ്റിൽ സ്വർണ്ണ വ്യാപാരികൾക്ക് നിരാശ
ജിഎസ്ടി നിലവിൽ വന്നിട്ട് 5 വർഷമാകുമ്പോഴും വാറ്റ് കുടിശിക തീർപ്പാക്കുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാതെ ആംനസ്റ്റി വീണ്ടും തുടരുമെന്ന കേരള ബജറ്റ് പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ ബി ഗോവിന്ദൻ.
വാറ്റ് കുടിശിക തീർപ്പാക്കുന്നത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളടങ്ങിയ നിവേദനങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടായിരുന്നു. അതൊന്നും പരിഗണിക്കാതെ കഴിഞ്ഞ നവംബറിൽ അവസാനിച്ച ആംനസ്റ്റി വീണ്ടും പ്രഖ്യാപിച്ചത് വ്യാപാരികൾക്കിടയിൽ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.
വാറ്റ് കുടിശ്ശിക സംബന്ധിച്ച് കോടതിയിൽ കിടക്കുന്ന കേസുകളുടെ വ്യവഹാരവുമായി മുന്നോട്ടു പോകേണ്ട അവസ്ഥയാണെന്നും നിപ്പയും, പ്രളയവും, കോവിഡും മൂലം തകർന്ന വ്യാപാര മേഖലയെ സംരക്ഷിക്കുന്ന ഒരു വാക്കുപോലും ബജറ്റിലില്ല. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ നട്ടംതിരിയാനാണ് വ്യാപാരികൾക്ക് വിധിയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.