‘ദുബായിലേക്കു പോകുന്നതിനു മുൻപേ റിഫയുടെ ജീവിതത്തിൽ പ്രശ്നങ്ങൾ, എല്ലാം മറച്ചുവച്ചു’; അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍, കോഴിക്കോട് എസ്‍പിക്ക് പരാതി നല്‍കി

0
420

കാക്കൂർ (കോഴിക്കോട്)∙ വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് എസ്പിക്കു പരാതി നൽകി. മാർച്ച് ഒന്നാം തീയതി പുലർച്ചെയാണ് റിഫയെ ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച‌നിലയിൽ കണ്ടെത്തിയത്. മൂന്നര മാസം മുൻപാണ് റിഫ ഭർത്താവ് മെഹ്നുവിനൊപ്പം ദുബായിലേക്ക് പോയത്.

മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് സഹോദരൻ റിജുൻ പറഞ്ഞു. സന്ദർശക വീസയിലാണു ഇവർ ദുബായിൽ എത്തിയത്. പർദ വിൽക്കുന്ന സ്ഥാപനത്തിൽ ജോലി കണ്ടെത്തിയ ശേഷം റിഫ മകനുമായി നാട്ടിൽ എത്തിയിരുന്നു. മകനെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് ജനുവരി 24ന് വീണ്ടും ദുബായിൽ എത്തുകയായിരുന്നു.

റിഫ മെഹ്നു വീട്ടുകാരുമായി അവസാനമായി സംസാരിച്ചപ്പോൾ ഏറെ സന്തോഷവതിയായിരുന്നു. അതിനു ശേഷം താമസ സ്ഥലത്ത് എത്തിയ ശേഷം റിഫ ഉമ്മ ഷറീനക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ചിരുന്നു. അന്ന് വൈകി എത്തിയ ഈ സന്ദേശം ഉമ്മ അറിഞ്ഞിരുന്നില്ല. കരച്ചിലോടെ റിഫ പറഞ്ഞത് വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ… എന്നായിരുന്നു. അതിനു മുൻപ് സഹോദരനു അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യത്തിലും കുടുംബം ദുരൂഹത സംശയിക്കുന്നുണ്ട്.

ഭാഗങ്ങളാക്കി തിരിച്ച ഫ്ലാറ്റിലായിരുന്നു ദുബായിൽ ഇവരുടെ താമസം. റിഫയ്ക്കും മെഹ്നാസിനും പുറമേ മെഹ്നാസിന്റെ ക്യാമറാമാനും സുഹൃത്തുമായ യുവാവും ഇവിടെ ഉണ്ടായിരുന്നതായാണ് കുടുംബത്തിനു ലഭിച്ച വിവരം. കൃത്യമായ അന്വേഷണങ്ങളിലൂടെ മരണകാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ദുബായിലേക്കു പോകുന്നതിനു മുൻപ് തന്നെ റിഫയുടെ ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം അവൾ മറച്ചു വയ്ക്കുകയായിരുന്നെന്നും സഹോദരൻ പറഞ്ഞു.

വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനാണ് യൂട്യൂബറും ആൽബം താരവുമായ റിഫ ജോലി തേടി ദുബായിൽ എത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട റിഫയും കാസർകോട് നീലേശ്വരം സ്വദേശി മെഹ്നാസും മൂന്നു വർഷം മുൻപാണ് വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here