വിലക്ക് നീങ്ങിയിട്ടും ദുരിതം മാറാതെ സൗദിയിലേക്കുള്ള യാത്രക്കാർ

0
205

ദമ്മാം: അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്കുകൾ നീങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്ന് കാത്തിരുന്നവർക്ക് ഇരുട്ടടിയായി നിരക്കുകൾ കുത്തനെ വർധിച്ചു. നേരത്തേയുണ്ടായിരുന്ന ചാർട്ടർ ൈഫ്ലറ്റുകൾ ഇല്ലാതാവുകയും എന്നാൽ പുതിയ സർവിസുകൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പ്രധാനമായും കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. ഇവിടെനിന്ന് പുതിയ വിമാന സർവിസുകൾ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല കണക്ഷൻ ൈഫ്ലറ്റുകൾക്കും ടിക്കറ്റ് നിരക്കിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്.

മാർച്ച് 27ന് ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്ക് അവസാനിക്കുന്നതോടെ കൂടുതൽ ൈഫ്ലറ്റുകൾ സർവിസ് ആരംഭിക്കുകയും ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. കോവിഡ് പ്രതിസന്ധി മാറുകയും ജീവിതം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തതോടെ സന്ദർശക വിസയിലുൾപ്പെടെ നിരവധി കുടുംബങ്ങൾ സൗദിയിലേക്ക് വരാൻ തയാറെടുക്കുമ്പോഴാണ് അധികൃതരുടെ പുതിയകൊള്ള.

27ന് വിലക്ക് നീങ്ങുന്നതോടെ സർവിസുകൾ നടത്താമെന്ന ധാരണയിൽ ഷെഡ്യൂളുകൾ പ്രഖ്യാപിച്ച് ബുക്കിങ് സ്വീകരിച്ച പല സ്വകാര്യ വിമാനക്കമ്പനികൾക്കും അവസാന നിമിഷം സർവിസുകൾ റദ്ദ് ചെയ്യേണ്ടിവന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ദമ്മാമിലേക്ക് നേരിട്ട് സർവിസുള്ളത് കരിപ്പൂർ വിമാനത്താളത്തിൽനിന്നു മാത്രമാണ്. അത് ആഴ്ചയിൽ മൂന്നു സർവിസുകളാണുള്ളത്. ഏപ്രിൽ നാലു മുതൽ കണ്ണൂരിൽനിന്ന് ആഴ്ചയിൽ ഒരു സർവിസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തീവിലയാണ് ടിക്കറ്റുകൾക്ക്. വൺവേ ടിക്കറ്റുകൾക്ക് 2000 റിയാൽ മുതലാണ് ഈടാക്കുന്നത്. മറ്റുള്ള എയർലൈൻ കമ്പനികൾകൂടി സർവിസുകളുമായി രംഗത്തെത്തുന്നതോടെ മാത്രമേ യാത്രാനിരക്കിൽ മാറ്റമുണ്ടാവുകയുള്ളൂ. പ്രവാസ വിഷയങ്ങളിൽ സ്ഥിരം നിസ്സംഗരാകുന്ന അധികൃതർ ഇക്കാര്യത്തിലും കണ്ണടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here