വഖഫിൽ കടുപ്പിച്ച് സമസ്ത; മുഖ്യമന്ത്രി വാക്കു പാലിക്കണം; ചർച്ച വേണം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

0
328

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തില്‍ നിലപാട് കടുപ്പിച്ച് സമസ്ത. ചര്‍ച്ച നടത്താമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. തീരുമാനം തിരുത്തില്ലെന്ന മന്ത്രി അബ്ദുറഹ്മാന്റ നിയമസഭയിലെ പ്രഖ്യാപനം അംഗീകരിക്കുന്നില്ലെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരെ മുസ്ലീം ലീഗിനൊപ്പം ചേര്‍ന്ന് സമരം തുടങ്ങിയ സമസ്ത മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വസിച്ചാണ് പാതിവഴിയില്‍ പിന്‍മാറിയത്. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന് മുസ്ലീം ലീഗ് രൂപീകരിച്ച മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയെപ്പോലും സമസ്ത തള്ളിപ്പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകാഞ്ഞതോടെ നേതൃത്വത്തിന്റ നിലപാടിനെതിരെ സമസ്തയ്ക്കുള്ളില്‍ പോലും പ്രതിഷേധമുയര്‍ന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഉറപ്പിനെ തള്ളിപ്പറയാന്‍ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തയാറായില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി നിയമസഭയില്‍ മന്ത്രി അബ്ദു റഹ്മാന്‍ നടത്തിയ പ്രസ്താവന സമസ്തയെ ചൊടിപ്പിച്ചു. തൊട്ടുപിന്നാലെ സമസ്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗും രംഗത്തിറങ്ങി. ഇതോടെയാണ് സമസ്ത നിലപാട് കടുപ്പിച്ചത്. ചര്‍ച്ച നടത്താമെന്ന വാക്ക് മുഖ്യമന്ത്രി എത്രയും വേഗം പാലിക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവന സ്വീകാര്യമല്ലെന്നും നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ ചര്‍ച്ചയ്ക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് മുത്തുക്കോയ തങ്ങളുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here