‘റോബോട്ടിക് ക്യാമറക്ക് മുന്നിൽ മമ്മൂക്കയുടെ ആക്ഷന്‍ അഴിഞ്ഞാട്ടം’; ഭീഷ്മപര്‍വ്വം മേക്കിങ് വീഡിയോ

0
499

ഫ്രെയ്‍മുകളുടെ പ്രത്യേകതയാണ് അമല്‍ നീരദിനെ മലയാളത്തിലെ മറ്റു സംവിധായകരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. ആദ്യ സിനിമയായ ബിഗ് ബി മുതലേ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പുതുവഴികള്‍ സ്വീകരിക്കുന്ന സംവിധായകന്‍ കൂടിയാണ് അമല്‍. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം ഭീഷ്‍മ പര്‍വ്വത്തിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ ഒരു പ്രധാന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ച ശൈലി പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. മലയാള സിനിമയില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കാറുള്ള ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മമ്മൂട്ടി നായകത്വം വഹിച്ചിരിക്കുന്ന ഈ സീക്വന്‍സ് അമല്‍ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. വേഗത്തിലുള്ള ക്യാമറ മൂവ്മെന്‍റുകളാണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.

അതേസമയം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ഭീഷ്‍മ പര്‍വ്വം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയ ചിത്രം ഏതാനും ദിവസം മുന്‍പ് 75 കോടിയും പിന്നിട്ടിരുന്നു. കേരളത്തില്‍ നിന്നു മാത്രം ചിത്രം നേടിയ ഗ്രോസ് 40 കോടി കടന്നിട്ടുണ്ട്.

ആദ്യ വാരാന്ത്യത്തില്‍ മിക്ക റിലീസിംഗ് സെന്‍ററുകളിലും ഹൗസ്‍ഫുള്‍ ഷോകള്‍ ലഭിച്ച ചിത്രത്തിന് കഴിഞ്ഞ വാരാന്ത്യത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തില്‍ സിനിമാ പ്രേക്ഷകരുടെ ആദ്യ ചോയ്സ് റിലീസിന്‍റെ മൂന്നാം വാരത്തിലും ഭീഷ്‍മ പര്‍വ്വം ആണ്. സമാനമായ താരമൂല്യവും കാന്‍വാസിന്‍റെ വലുപ്പവുമുള്ള മറ്റൊരു ചിത്രം ഇല്ല എന്നതും ഭീഷ്‍മയ്ക്ക് ബോക്സ് ഓഫീസില്‍ ഗുണമാണ്. മൂന്നാം വാരത്തിന്‍റെ തുടക്കത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ ഡ്രോപ്പ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകലിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പൊതു വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്‍മ പര്‍വ്വം എന്നത് ചിത്രം നേടിയ ജനപ്രീതിയുടെ അളവിനെ തീര്‍ച്ഛപ്പെടുത്തുന്നുണ്ട്. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകള്‍ക്കൊപ്പം മറ്റു സംസ്ഥാന കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന് സൗദി അറേബ്യയില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് എക്കാലവും ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഭീഷ്‍മ നേടിയിരിക്കുന്നത്.

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ച വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.

LEAVE A REPLY

Please enter your comment!
Please enter your name here