ലഖ്നൗ: യോഗി ആദിത്യനാഥ് ഭരണതുടർച്ചയിലേക്ക് കുതിച്ചപ്പോൾ, പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങിയ അഖിലേഷ് യാദവ് ഒരു പരിധിവരെ പിടിച്ചുനിന്നു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ഒറ്റ നോട്ടത്തിൽ ഇങ്ങനെ വിലയിരുത്താം. എന്നാൽ ഒരു കാലത്തെ പ്രതാപശാലികളായിരുന്ന കോൺഗ്രസും ബി എസ് പിയും സമ്പൂർണമായി തകർന്നടിഞ്ഞു. അതിനിടയിൽ മുമ്പ് ചെറുതല്ലാത്ത സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷത്തിന്‍റെ അവസ്ഥ എന്താണെന്നത് കൂടി പരിശോധിക്കപ്പെടേണ്ടതാണ്. സി പി എമ്മും, സി പി ഐയും, സി പി ഐ എം എല്ലും ഒരു ശതമാനം വോട്ട് വിഹിതം പോലും പിടിക്കാനാകാത്ത അവസ്ഥയിലേക്കാണ് കൂപ്പുകുത്തിയത്. ചെങ്കൊടിയുടെ തിളക്കം കുറച്ചെങ്കിലും പിടിച്ചുനിർത്തിയത് സി പി ഐ യാണ്. 0.07 ശതമാനം വോട്ട് വിഹിതമാണ് സി പി ഐക്ക് നേടാനായത്. സി പി എമ്മിനെക്കാളും സി പി ഐ എം എല്ലിനെക്കാളും കൂടുതൽ സീറ്റുകളിൽ സി പി ഐ മത്സരിച്ചിരുന്നു എന്ന യാഥാർത്ഥ്യം ബാക്കിയാണ്. സി പി എമ്മിനാകട്ടെ 0.01 ശതമാനം വോട്ട് വിഹിതം മാത്രമാണ് സ്വന്തമാക്കാനായത്. സി പി ഐ എം എല്ലിന്‍റെ അവസ്ഥയും സമാനം തന്നെ.