‘യുപിയില്‍ വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നു, വീഡിയോ തെളിവ്’; ആരോപണവുമായി എസ്പി

0
313

ലഖ്‌നൗ: വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായി എസ്പി ആരോപിച്ചു. ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്‌വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ, തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ സിആര്‍പിഎഫ് കാവലില്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനമാണ് നാളെയെന്നും ഈ മെഷീനുകള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നതാണെന്നും കൗശല്‍ രാജ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഈ അവകാശവാദത്തെ തള്ളിക്കളഞ്ഞു.

‘വാരാണസിയില്‍, ഞങ്ങള്‍ ഒരു ട്രക്ക് തടഞ്ഞു. എന്നാല്‍ മറ്റ് രണ്ട് ട്രക്കുകള്‍ കടന്നുകളഞ്ഞു. സംശയാസ്പദമായ പ്രവര്‍ത്തനമല്ലെങ്കില്‍ ഇവിഎമ്മുകളുമായി വന്ന രണ്ട് ട്രക്കുകള്‍ എന്തിന് കടന്നുകളഞ്ഞു. സ്ഥാനാര്‍ത്ഥികളുടെ സമ്മതമില്ലാതെ നിങ്ങള്‍ക്ക് ഒരു ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും എവിടെ നിന്നും നീക്കാന്‍ കഴിയില്ല,’- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here