ലോകത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിനായി മുസ്ലീം കുടുംബം 2.5 കോടിയുടെ ഭൂമി സംഭാവന ചെയ്തു

0
389

ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി സംഭവാനയായി നല്‍കി മുസ്ലീം കുടുംബം. കിഴക്കൻ ചമ്പാരനിലെ വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാനാണ് ബിഹാറിലെ കൈത്വാലിയയിൽ നിർമിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിന്‍റെ നിര്‍മാണത്തിന് ഭൂമി നല്‍കി രാജ്യത്തിന്‍റെ മതമൈത്രിയുടെ മാതൃകയായത്.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായി വിരാട് രാമായണ ക്ഷേത്രം മാറുമെന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് പറഞ്ഞു.

‘സമുദായങ്ങൾക്കപ്പുറത്തേക്ക് നീളുന്ന സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും മഹത്തായ ഉദാഹരണമാണ് ഇതെന്ന് മഹാവീർ മന്ദിർ ട്രസ്റ്റ് മേധാവി ആചാര്യ കിഷോർ കുനാൽ പറഞ്ഞു.. ഖാനിന്‍റെയും കുടുംബത്തിന്‍റെയും സഹായമില്ലായിരുന്നെങ്കിൽ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസാമിലെ ഗുവാഹത്തി കേന്ദ്രീകരിച്ചാണ് ജമീന്ദാര്‍ കുടുംബത്തില്‍പ്പെട്ട ഇഷ്തായാഖ് അഹമ്മദ് വ്യാപാരം ചെയ്യുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഗ്രാമത്തിൽ പണിയുന്നത്. നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരു പിന്തുണക്കും? ഒരുമിച്ച് നിന്നാൽ ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയില്ല’ എന്നും ഇഷ്‌തയാഖ് അഹമ്മദ് പറയുന്നു.

ലോകപ്രശസ്തമായ കംബോഡിയയിലെ 215 അടി ഉയരമുള്ള അങ്കോർ വാട്ട് സമുച്ചയത്തേക്കാൾ ഉയരംകൂടിയ രീതിയിലാണ് വിരാട് രാമായണ മന്ദിർ നിർമിക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ തന്നെ 18 ചെറു ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയോളം മന്ദിറിന്‍റെ നിർമാണച്ചെലവിനായി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ക്ഷേത്ര നിർമാണത്തിനായി 125 ഏക്കർ ഭൂമി ഇതുവരെ മഹാവീർ മന്ദിർ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.

ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധരിൽ നിന്ന് ക്ഷേത്രനിര്‍മ്മാണത്തിനായി ട്രസ്റ്റ് ഉടൻ ഉപദേശം സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here