ദില്ലി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. പ്രശാന്ത് കിഷോറുമായി നേതൃത്വം ചര്‍ച്ച തുടങ്ങി.ഗുജറാത്ത് തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന.
പ്രശാന്ത് കിഷോറിനെ നേതൃതലത്തിലേക്ക് കൊണ്ടുവരുന്നതില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച നടന്നിരുന്നു. പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോറിന്‍റെ കീഴില്‍ എഐസിസിയില്‍ പ്രത്യേക വിഭാഗം തുടങ്ങുന്നതിനെ കുറിച്ചും ആലോചന നടന്നു. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കുന്നതില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി അറിയിച്ചു. ബിജെപിക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന എതിര്‍പ്പില്‍ നേതൃത്വം പിന്നോട്ട് പോയി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും പ്രകോപനത്തിന് മുതിര്‍ന്നില്ല.
ഇപ്പോള്‍ കടുത്ത പ്രതിിസന്ധി ഘട്ടത്തില്‍ നേതൃത്വം വീണ്ടും പ്രശാന്ത് കിഷോറിനെ സമീപിച്ച് ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം. നിര്‍ണായക പദവി നല്‍കി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനും കിഷേോറുണ്ടാകുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന വിവരം.
ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനൊപ്പം, പട്ടേല്‍ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള നരേഷ് പട്ടേല്‍ എന്ന നേതാവിനെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്‍റെ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് 23നെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്‍റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങളുണ്ടെന്നാണ് വിവരം
ഗ്രൂപ്പ് 23 നെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം; പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകും
ദില്ലി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച ഗ്രൂപ്പ് 23 നേതാക്കളെ (G 23 leaders) അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് (Congress) നേതൃത്വത്തിന്റെ ശ്രമം തുടരുന്നു. പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകാനാണ് തീരുമാനം. പാർലമെൻ്ററി ബോർഡിലും, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും പ്രാതിനിധ്യം നൽകും. നയരൂപീകരണ സമിതികളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. കൂടുതൽ നേതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്നും സോണിയ ഗാന്ധി (Sonia Gandhi) അറിയിച്ചു.