നന്മയുള്ള കള്ളന്‍! ‘നാല് പവന്റെ മാലയും അര പവന്‍ മോതിരവും 67,500 രൂപയും ഇതാ’: മോഷണ മുതല്‍ തിരിച്ചുകൊടുത്തു

0
346

മലപ്പുറം: മോഷ്ടിച്ച സ്വര്‍ണ്ണവും പണവും തിരിച്ചേല്‍പ്പിച്ച് നന്മയുള്ള ഒരു കള്ളന്‍. മലപ്പുറം ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്.

കഴിഞ്ഞമാസം 21നാണ് തെഞ്ചീരി അബൂബക്കര്‍ മുസ്ലിയാരുടെ വീട്ടില്‍ നിന്നും നാല് പവന്‍ മാലയും അര പവന്‍ മോതിരവും 67,500 രൂപയും മോഷണം പോയത്. വീട്ടില്‍ അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുളി കഴിഞ്ഞെത്തിയ ഇവര്‍ വീടിന്റെ വാതിലും അലമാരയും തുറന്നുകിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്.

പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയില്‍ സ്വര്‍ണവും പണവും ലഭിച്ചത്. ചൂടായതിനാല്‍ മുറിയുടെ ജനല്‍ പാളി തുറന്ന് വെച്ചിരിക്കുകയായിരുന്നു. രാത്രി എട്ടോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയുടെ ജനലിന് താഴെയായി പണവും സ്വര്‍ണവും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുറന്നിട്ട ജനല്‍ പാളി വഴി മോഷ്ടാവ് തന്നെ മുറിയില്‍ കൊണ്ടിട്ടതാകാമെന്ന നിഗമനത്തിലാണ് പോലീസുള്ളത്. മലപ്പുറത്ത് നിന്ന് സതീഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കളവ് പോയ പണം പോലീസിന്റെ സാന്നിധ്യത്തില്‍ വീട്ടുകാര്‍ എണ്ണിത്തിട്ടപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here