നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; തുടരന്വേഷണം റദ്ദാക്കണമെന്ന ഹരജി തള്ളി

0
225

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അടുത്തമാസം 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15 നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും കോടതി പറഞ്ഞു.

തുടരന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് ഏത് ഘട്ടത്തിലും അവകാശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടം എവിടെയുമില്ല. സുപ്രീം കോടതി തന്നെ പല ഘട്ടത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേസിന്റെ വിസ്താരം കഴിഞ്ഞ് വിധി വന്നാല്‍ പോലും പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിന് നിയമപരമായി തടസമില്ല. ഈ കേസിലും സമാനമായ വെളിപ്പെടുത്തലാണ് ഉണ്ടായത്. ആ ഘട്ടത്തിലാണ് തങ്ങള്‍ തുടരന്വേഷണം നടത്തുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരെ തെളിവില്ലെന്ന് കണ്ടതോടെ ബാലചന്ദ്രകുമാറിനെ രംഗത്തിറങ്ങി കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദിലീപ് വാദിച്ചത്.

നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാന്‍ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ഹരജിയിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here