കൊച്ചി: ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ദുൽഖർ സൽമാൻ നിർമിച്ച ‘സല്യൂട്ട്’ ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് നടപടി. ദുൽഖർ നന്ദികേട് കാണിച്ചുവെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ ആരോപിച്ചു.
തിയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31ന് ചേരുന്ന സംഘടനാ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. തുടർന്ന് നിലവിലെ തീരുമാനം മുഴുവൻ അംഗങ്ങളേയും അറിയിക്കും.
ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങൾക്കുള്ള താക്കീത് എന്ന നിലയിലാണിപ്പോൾ ദുൽഖറിനെ വിലക്കിയിരിക്കുന്നത്. നേരത്തെ കൊവിഡ് കാലത്ത് പ്രദർശനത്തിനെത്തിയ ദുൽഖറിന്റെ തന്നെ കുറുപ്പ് എന്ന ചിത്രം തിയേറ്ററുടമകൾക്ക് വലിയ ആശ്വാസമായിരുന്നു.