ഈ വർഷത്തെ ഐപിഎല്ലിൽ പുതിയ രണ്ട് നിയമങ്ങൾ കൂടി നടപ്പിലാക്കും. അമ്പയറുടെ തീരുമാനം പുനപരിശോധിക്കാൻ ഇനിമുതൽ ടീമുകൾക്ക് രണ്ട് അവസരമുണ്ടാകും. നേരത്തെ ഒരു ഡി.ആർ.എസ് മാത്രമാണുണ്ടായിരുന്നത്. ഒരു ടീമിലെ കോവിഡ് ബാധമൂലം ഏതെങ്കിലും മത്സരം മാറ്റിവെച്ചാൽ അത് പുനക്രമീകരിക്കണമോയെന്ന് ടെക്നിക്കൽ കമ്മിറ്റി തീരുമാനിക്കും. മത്സരം പുനക്രമീകരിക്കാനായില്ലെങ്കിൽ എതിർ ടീമിന് പോയിന്റ് ലഭിക്കും.
സ്‌ട്രൈക്ക് മാറുന്നതിലെ പുതിയ എംസിസി നിയമവും ഐപിഎല്ലില്‍ കൊണ്ടുവരും. ഫീല്‍ഡര്‍ ക്യാച്ച് എടുക്കുന്ന സമയം സ്‌ട്രൈക്കര്‍ റണ്‍ കംപ്ലീറ്റ് ചെയ്താലും പുതുതായി വരുന്ന ബാറ്റര്‍ തന്നെ സ്‌ട്രൈക്ക് ചെയ്യണം എന്നാണ് പുതിയ നിയമങ്ങളില്‍ ഒന്ന്. പ്ലേഓഫ്, ഫൈനല്‍ എന്നിവയില്‍ സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്‍പിലെത്തിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കും. ഈ മാറ്റങ്ങള്‍ ബിസിസിഐ ഉടനെ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന.
മുംബൈയിലും പൂനെയിലുമാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുക. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും നാല് പ്ലേഓഫ് മത്സരങ്ങളും നടക്കും. മാർച്ച് 26 ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎൽ സീസൺ 15 ആരംഭിക്കുക.മാർച്ച് 27 ന് രണ്ട് മത്സരങ്ങൾ നടക്കും. മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരങ്ങളാണ് ഞായറാഴ്ച നടക്കുക.