ബംഗ്ലൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കർണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി നിലവിൽ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ കർണാടകയിലെ ബെല്ലാരിയിൽ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞു. വിദ്യാർത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്.
വിധിക്കെതിരെ കഴിഞ്ഞ ദവസം, സമസ്തയും സുപ്രീം കോടതിയില്‍ ഹർജി നൽകിയിരുന്നു. ഖുറാനെ വ്യാഖ്യാനിച്ചതിൽ കർണ്ണാടക ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ അഡ്വ.പി എസ് സുൽഫിക്കറലി മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് ഹർജിയിൽ സമസ്ത വ്യക്തമാക്കുന്നു.
‘ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണാടക ഹൈക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്’. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ പറയുന്നു.