ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്കുള്ള വിലക്ക് കര്‍ണാടകയിലെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു

0
255

ബംഗളൂരു: ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം നടത്തുന്നതിന് മുസ്ലിം വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. തീരദേശ ജില്ലകളിലും തലസ്ഥാനമായ ബംഗളൂരുവിലും നേരത്തെ തന്നെ ഈ രീതിയിലുള്ള വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹാസന്‍, തുംകുരു, ചിക്കമംഗളൂരു, ശിവമോഗ ജില്ലകളിലെ ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചരിത്രപ്രസിദ്ധമായ ബേലൂര്‍ ചന്നകേശവ ക്ഷേത്രം, തുംകൂര്‍ ജില്ലയിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോഗയിലെ മഹാ ഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളില്‍ ഹിന്ദു വ്യാപാരികളെ മാത്രം കച്ചവടം നടത്താന്‍ അനുവദിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

ഏപ്രില്‍ 13, 14 തീയതികളില്‍ നടക്കുന്ന ബേലൂര്‍ ചന്നകേശവ രഥോത്സവത്തിലും ഏപ്രില്‍ 1 മുതല്‍ നടക്കുന്ന പ്രസിദ്ധമായ യെഡിയൂര്‍ സിദ്ധലിംഗേശ്വര ഉത്സവത്തിലും ഏപ്രില്‍ അഞ്ചിന് നടക്കുന്ന ചരിത്രപ്രസിദ്ധമായ മഹാഗണപതി ഉത്സവത്തിലും അഹിന്ദുക്കളെ കച്ചവടത്തിന് അനുവദിക്കരുതെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം. സുബ്രഹ്‌മണ്യേശ്വര ക്ഷേത്രത്തിന് സമീപം ഇസ്ലാമിക വിശ്വാസങ്ങളെ അവഹേളിക്കുന്ന ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

അടുത്തിടെ ഹിന്ദു സംഘടനകള്‍ പുത്തൂര്‍ മാരികാംബ ക്ഷേത്രം, മംഗളൂരു മാരികാംബ ക്ഷേത്രം, ഉഡുപ്പിയിലെ മാരിഗുഡി ക്ഷേത്രം എന്നിവിടങ്ങളില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത്തരമൊരു നടപടിക്കെതിരെ കര്‍ണാടകയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here