കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങിയില്ല; ക്രെഡിറ്റ് മുസ്ലീം ലീഗിനെന്ന് കുഞ്ഞാലിക്കുട്ടി

0
206

മലപ്പുറം: ഉത്തർപ്രദേശിൽ മതേതര വോട്ടുകൾ ഭിന്നിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പങ്കുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ മതേതര പാർട്ടികളും ഒന്നിച്ചു നിന്നിരുന്നെങ്കിൽ യുപിയിൽ ബിജെപിയുടെ കഥ  കഴിയുമായിരുന്നു. കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങാത്തതിന്‍റെ ക്രെഡിറ്റ് മുസ്ലീം ലീഗിനാണെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

അതേസമയം, ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാൻ മുസ്ലീം ലീഗിന് മാത്രേമേ കഴിഞ്ഞിട്ടുള്ളൂവെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കാൻ കഴിഞ്ഞത് മുസ്ലീം ലീഗിന് മാത്രമാണ്. ദേശീയതലത്തിൽ മതേതര കക്ഷികൾ കുറേക്കൂടി സഹകരിച്ച് പ്രവർത്തിക്കണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

കേരളത്തിൽ മുസ്ലീം ലീഗിനെ മാറ്റി നിർത്താൻ ആർക്കും കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു. അതേസമയം, വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഭാവി ചര്‍ച്ചകളിലേക്ക് കടന്നു. ചരിത്ര വിജയത്തിൽ യോഗി ആദിത്യനാഥിനെ നരേന്ദ്ര മോദി അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം  ജനങ്ങള്‍ക്കായി യോഗി അക്ഷീണം പ്രയ്തനിച്ചെന്നും അടുത്ത അഞ്ച് വര്‍ഷവും വികസനത്തിനായി യോഗി പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

ദില്ലിയില്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചത്. ഉത്തര്‍പ്രദേശ് സർക്കാര്‍ രൂപികരണ ചർച്ചകള്‍ക്കായാണ് യോഗി ആദിത്യനാഥ് ദില്ലിയിലെത്തിയത്. ഒന്നാം സർക്കാരിലെ ആരെയൊക്കെ നിലനിർത്തണം  ഏതൊക്കെ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണം എന്നതിലാണ് പ്രധാന ചർച്ച . ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം കൃത്യമായി ഉറപ്പാക്കിയേ മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനാകൂ. നിലവില്‍ പത്ത് മന്ത്രിമാർ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ആ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകള്‍ എത്തിയേക്കും. തോറ്റ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് പകരം ആര് എന്നതും തീരുമാനിക്കേണ്ടതുണ്ട്.

ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് , ബേബി റാണി മൗര്യ, ബ്രിജേഷ് പാഠക്, എന്നിവരുടെ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്.  ഒബിസി മുഖമായ കേശവ് പ്രസാദിന് ഒരു വട്ടം കൂടി അവസരം നല്‍കുമോ ദേശീയ തലത്തിലേക്ക് നിയോഗിക്കുമോയെന്നതും കണ്ടറിയണം. കുര്‍മി വിഭാഗത്തില്‍ നിന്നാണ് സ്വതന്ദ്രദേവ്. ബിഎസ്പിയുടെ വോട്ട് ബാങ്കായ ജാഠവ് വിഭാഗക്കാരിയാണ് ബേബി റാണി മൗര്യ. ബ്രാഹ്മിണ്‍ വിഭാഗക്കാരനാണ് ബ്രിജേഷ് പാഠക്.

നോയിഡയില്‍ നിന്ന് വീണ്ടും വൻ വിജയം നേടിയ കേന്ദ്രമന്ത്രി രാജ്നാഥ് സിങിന്‍റെ മകന്‍ പങ്കജ് സിങിനെയും നേതൃത്വത്തിന് പരിഗണിക്കേണ്ടതുണ്ട്. അതേസമയം ഉത്തരാഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ ഒരാഴ്ചക്കുള്ളില്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനമെടുക്കും. ഉത്തരാഖണ്ഡില്‍ ആറ് പേരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ച‍ർച്ചയാകുന്നത്. ഇതില്‍ ഒരാഴ്ചക്കുള്ളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. മണിപ്പൂരില്‍ ബിരേന്‍ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭ രൂപികരണ ചർച്ചകള്‍ ഉടൻ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here