കുട്ടികളില്‍ ഏകത്വവും ഐക്യബോധവും വളര്‍ത്താന്‍ ഡ്രസ് കോഡ് വേണം; പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ്

0
255

അഹമ്മദാബാദ്: കുട്ടികളില്‍ ഏകത്വം വളര്‍ത്തുന്നതിന് ഏകീകൃത ഡ്രസ് കോഡ്  വേണമെന്ന് ആര്‍എസ്എസ്. കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെയാണ് പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്തെത്തിയത്. ആര്‍എസ്എസ് പോഷക സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഗുജറാത്തിലെ നര്‍മ്മത ജില്ലയിലെ എക്താ നഗറില്‍ നടന്ന യോഗത്തില്‍ ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അംഗമായ ഇന്ദ്രേഷ് കുമാറാണ് ആശയം മുന്നോട്ട് വെച്ചത്. കുട്ടികളില്‍ ‘ഏകത്വം’ എന്ന വികാരം വളര്‍ത്താന്‍ പൊതുവായ ഒരു ഡ്രസ് കോഡ് വേണമെന്നാണ് അദ്ദേഹം പറഞ്ഞു.

ഹിജാബ് വിവാദം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാനാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അവസരത്തിനനുസരിച്ചാണ് നമ്മള്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ അതിന് സഹായകമാവുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നു. മാര്‍ക്കറ്റിലേക്കോ ഓഫീസിലേക്കോ പോകുന്നതിന് വേറെ വസ്ത്രം തെരഞ്ഞെടുക്കുന്നു. വിവിധ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രമാണ് ധരിക്കുന്നത്. ഹിജാബ് വിവാദം പെണ്‍മക്കളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്താനും രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ആഗ്രഹിക്കുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. അവര്‍ പെണ്‍കുട്ടികളുടെ ഭാവികൊണ്ട് കളിച്ചു. നിങ്ങള്‍ അനീതിക്കൊപ്പമാണോ യഥാര്‍ഥ ഇസ്ലാമിനൊപ്പമാണോ എന്നും ഇന്ദ്രേഷ് കുമാര്‍ ചോദിച്ചു.

ഖുര്‍ആന്‍ സൂക്തം അറബിയില്‍ ചൊല്ലിക്കൊണ്ടായിരുന്നു ജീവിത വ്യവസ്ഥയെ ബഹുമാനിക്കണം എന്ന വാദം അദ്ദേഹം ഉയര്‍ത്തിയത്. സാഹോദര്യവും ഏകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവായ ഡ്രസ് കോഡ് ആവശ്യമാണ്. ഖുര്‍ആന്‍ പറയുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ദീന്‍ ഉണ്ടെന്നാണ്. ഒരാള്‍ മറ്റൊരാളുടെ ആചാരത്തില്‍ ഇടപെടരുത്. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് സമൂഹത്തിലുണ്ടാവുന്ന ഭിന്നത തടയുമെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു.

രാജാവിന്റെ മകന്‍ വിലകൂടിയ വസ്ത്രം ധരിക്കും. ഇന്ത്യ സമ്പന്നരും ദരിദ്രരുമായ സമൂഹമായി വിഭജിക്കപ്പെടും. ജാതിക്കും മതത്തിനും അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകും. മതം അനുസരിച്ചുള്ള വസ്ത്രധാരണം അനുവദിച്ചാല്‍ പിന്നീട് ഷിയാകളുടെയും സുന്നികളുടെയും വസ്ത്രധാരണരീതികളും ഉപവിഭാഗങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ നമ്മള്‍ ഒരു രാജ്യമാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്തണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here