ഐ.പി.എല്‍. ബയോബബിള്‍ ഇക്കുറി ‘ജയില്‍’ ആകും; നിയന്ത്രണങ്ങള്‍ കടുപ്പം

0
239

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2022 സീസണിനു 26-ന് തുടക്കം കുറിക്കാനിരിക്കെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബി.സി.സി.ഐ. ലീഗിന്റെ ബയോ ബബിള്‍ കൃത്യമായും കര്‍ശനമായും പാലിക്കണമെന്നും ബബിള്‍ നിയമങ്ങള്‍ ലംഘിക്കുന്ന താരങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഐ.പി.എല്‍. സംഘാടക സമിതി വ്യക്തമാക്കി.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ലോകകപ്പിനു മുമ്പേ കോവിഡ് ബാധ മൂലം താരങ്ങളുടെ സേവനം ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് നിയമങ്ങള്‍ കടുപ്പിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം. ബയോ ബബിള്‍ ലംഘിക്കുന്ന താരങ്ങള്‍ക്കെതിരേ കര്‍ശന നടപടിയാണ് സ്വീകരിക്കുക. ഒരു തവണ ലംഘനം നടത്തുന്ന താരത്തെ ഏഴു ദിവസം ക്വാറന്റീനിലേക്കു മാറ്റും. കൂടാതെ മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി ഈടാക്കും.

രണ്ടാം തവണയും ലംഘിച്ചാല്‍ ഒരു മത്സരത്തില്‍ നിന്നു വിലക്കു നേരിടേണ്ടി വരും. കൂടാതെ വീണ്ടും ഏഴു ദിവസം ക്വാറന്റീനില്‍ പോകേണ്ടി വരികയും ചെയ്യും. മാത്രമല്ല ഈ ക്വാറന്റീന്‍ ദിനങ്ങള്‍ക്ക് വേതനം നല്‍കുകയും ചെയ്യില്ല. മൂന്നാമതും ലംഘനം നടത്തിയാല്‍ താരത്തിനു മാത്രമല്ല ടീമിനും കടുത്ത നടപടി നേരിടേണ്ടി വരും. താരത്തെ ഐ.പി.എല്‍. ടീമില്‍ നിന്നു പുറത്താക്കുമെന്നും കനത്ത പിഴ ശിക്ഷ നല്‍കുകയും ചെയ്യും. പുറത്താക്കുന്ന താരത്തിനു പകരം മറ്റൊരു താരത്തെ സ്വന്തമാക്കാന്‍ ടീമിന് അനുമതി നല്‍കില്ല.

ഇതോടെ ഈ സീസണിലെ ബയോ ബബിള്‍ വിദേശ താരങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പായി. ഈ കര്‍ശന നിര്‍ദേശങ്ങള്‍ കാരണം വിദേശ താരങ്ങള്‍ ലീഗില്‍ നിന്നു പിന്മാറുമോയെന്ന ഭയവും വിവിധ ടീമുകള്‍ക്കുണ്ട്. നേരത്തെ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംഗ്ലീഷ് താരം ജേസണ്‍ റോയി ബയോബബിള്‍ സമ്മര്‍ദ്ദം താങ്ങാകില്ലെന്നു വ്യക്തമാക്കി പിന്മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here