എസ് എഫ് ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം, വനിത പ്രവർത്തകയെ രാത്രി ക്രൂരമായി മർദ്ദിച്ചപ്പോൾ പൊലീസ് നോക്കി നിന്നു, വീഡിയോ പ്രചരിക്കുന്നു

0
360

തിരുവനന്തപുരം: തിരുവനന്തപുരം ലാ കോളേജിലെ യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്കിടെ എസ്.എഫ്.ഐ കെ.എസ്.യു സംഘർഷം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്ന യാക്കൂബിനെ കോളേജ് ഗേറ്റിന് മുന്നിലിട്ട് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയേറ്റ് നിലത്ത് വീണ സഫ്നയെ എസ്.എഫ്.ഐക്കാർ കാലിൽ പിടിച്ച് വലിക്കുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് നോക്കിനിൽക്കെ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അക്രമം.

സംഘർഷത്തിൽ സഫ്ന യാക്കൂബ്, കെ.എസ്.യു ജനറൽ സെക്രട്ടറി ആശിഖ് അഷറഫ്, നിതിൻ തമ്പി എന്നിവർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം അനന്ദുവിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സഫ്നയെ മർദ്ദിച്ചിട്ടില്ലെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരായ പെൺകുട്ടികളെ കെ.എസ്.യുക്കാർ കമന്റടിച്ചെന്നും ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്ത് കേരളകൗമുദിയോട് പറഞ്ഞു. എന്നാൽ യൂണിയൻ ഉദ്ഘാടനത്തിന് ശേഷം നടന്ന കലാപരിപാടിക്കിടെ മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് കെ.എസ്.യു ആരോപിച്ചു. സഫ്നയെ മർദ്ദിച്ചതിന്റെ സി.സി ടിവി ദൃശ്യങ്ങളടക്കം തെളിവുണ്ടെന്ന് അവർ വ്യക്തമാക്കി. മന്ത്രി മുഹമ്മദ് റിയാസും വി.കെ. പ്രശാന്ത് എം.എൽ.എയും അടക്കമുള്ളവർ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. സംഭവത്തോട് പ്രതികരിക്കാൻ ലാ കോളേജ് അധികൃതർ തയ്യാറായില്ല.

മെഡിക്കൽ കോളേജിലും സംഘർഷം
മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. ചികിത്സയ്‌ക്കെത്തിയ തങ്ങളുടെ പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ഹെൽമറ്റ് ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. മെഡിക്കൽ കോളേജിന് മുന്നിൽ യൂണിവേഴ്സിറ്രി കോളേജിൽ നിന്ന് 30 പേരടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകരെത്തി തമ്പടിച്ചു. തുടർന്ന് പൊലീസിനെ വിന്യസിച്ചു. പ്രവർത്തകരെ രാത്രി 12ന് പൊലീസ് തിരിച്ചയച്ചു. അടുത്തിടെ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ഭരണം പിടിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം വൈസ് ചെയർപേഴ്സൺ സ്ഥാനം കെ.എസ്.യുവിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിൽ കുറച്ചുദിവസങ്ങളായി കാമ്പസിൽ വാക്കുതർക്കമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here