ചെങ്ങന്നൂര്‍: കെ റെയില്‍ കല്ലിടല്‍ തടഞ്ഞ വൈദികനെ കയ്യേറ്റം ചെയ്ത് പൊലീസ്. തിരുച്ചിറപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വികാരി ഫാദര്‍ മാത്യു വര്‍ഗീസിനെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. മീഡിയ വണ്‍ ആണ് കയ്യേറ്റത്തിന്റെ ദൃശ്യം പുറത്തുവിട്ടത്.
‘ഇത് എനിക്ക് പിണറായി തന്നതല്ല, എന്റെ അപ്പനും അമ്മയും തന്നതാ. ഇവിടെ കല്ലിടാന്‍ സമ്മതിക്കില്ല,’ എന്ന് ഫാദര്‍ പൊലീസുകാരോട് പറയുന്നുണ്ട്.
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ദിവസമാണ് കെ റെയില്‍ കല്ലിടലിനെ മാത്യു വര്‍ഗീസ് തടഞ്ഞത്.
അതേസമയം, കെ റെയില്‍ കല്ലിടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ട്. കെ റെയില്‍ കല്ലിടലിനെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കാസര്‍കോട് നാട്ടുകാര്‍ തടഞ്ഞിരുന്നു. സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞിരുന്നു.
കെ റെയിലിനെതിരെ ബി.ജെ.പി സമരസമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ രക്ഷാധികാരിയായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണ് ചുമതലയേറ്റിട്ടുള്ളത്.
കെ റെയില്‍ ഉള്‍പ്പടെയുള്ള കേരളത്തിന്റെ വികസന പദ്ധതികളുടെ അനുമതി പരിഗണിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ അംഗം തന്നെ ഒരു പദ്ധതിക്കെതിരായ സമരസമിതിയുടെ രക്ഷാധികാരിയാകുന്നത് ഇതാദ്യമായാണ്.
അതിവേഗ റെയിലാണ് കേരളത്തിന് ആവശ്യമെന്ന് ആദ്യം ലേഖനമെഴുതിയ മെട്രോമാന്‍ ഇ ശ്രീധരനാണ് സമിതി ചെയര്‍മാന്‍. ബി.ജെ.പി വൈസ് പ്രസിഡന്റ് എ. എന്‍. രാധാകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായ പാര്‍ട്ടി സമരസമിതിയുടെ രക്ഷാധികാരിയായാണ് വി. മുരളീധരനെ തെരഞ്ഞെടുത്തത്.