ആരുടെ ഭൂമിയിലും സര്‍ക്കാരിന് വന്ന് കല്ലിടാന്‍ സാധിക്കുമോ…നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ

0
300

കോട്ടയം: സ്വകാര്യഭൂമിയില്‍ കല്ലിടുന്നതിന്റെ നിയമവശങ്ങള്‍ സില്‍വര്‍ലൈന്‍ വിവാദത്തോടെ കത്തിപ്പിടിക്കുന്നു. സുപ്രീംകോടതിയില്‍ സമരസമിതി ഉന്നയിക്കുന്ന പ്രധാന വിഷയവും ഇതാണ്.

1961-ലെ സര്‍വേയ്സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് സര്‍വേയ്ക്ക് ഒരുക്കം നടത്തുന്നത്. 2013-ലെ കേന്ദ്രനിയമമായ എല്‍.എ.ആര്‍.ആര്‍. ആക്ട് നിലവിലുള്ളപ്പോള്‍ 1961-ലെ നിയമം ഉപയോഗിക്കാമോ എന്നതാണ് ഒരുചോദ്യം.

ഈ രണ്ട് നിയമങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ആഘാതം പഠിക്കുന്നതിനുവേണ്ടി കല്ലിടാന്‍ അനുമതി നല്‍കുന്നില്ലെന്ന് ഭൂവുടമകള്‍ പറയുന്നു. എന്നാല്‍, പദ്ധതിയുടെ അലൈന്‍മെന്റ് മാത്രമാണ് പരിശോധിക്കുന്നതെന്നും അതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കെ-റെയിലും വിശദീകരിക്കുന്നു. ഇതിന് ഉടമയ്ക്ക് നോട്ടീസ് ആവശ്യമില്ല. ഭൂമി ഏറ്റെടുക്കുന്നെങ്കില്‍ മാത്രമേ അത് ആവശ്യമുള്ളൂവെന്നും അവര്‍ പറയുന്നു.

2012-ല്‍ ബുള്ളറ്റ് തീവണ്ടി പദ്ധതിക്കുവേണ്ടി കല്ലിട്ടാണ് പഠനം നടത്തിയതെന്ന് അധികാരികള്‍ പറയുന്നു. പക്ഷേ, അത് അവകാശവാദം മാത്രമാണെന്നാണ് ഭൂവുടമകള്‍ പറയുന്നത്. മരങ്ങളില്‍ നമ്പര്‍ ഇടുക മാത്രമാണ് ചെയ്തതെന്ന് മുളക്കുളം സ്വദേശിയും സില്‍വര്‍ലൈന്‍ ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ എം.ടി.തോമസ് ചൂണ്ടിക്കാട്ടുന്നു.

നിയമങ്ങള്‍ പറയുന്നത് ഇങ്ങനെ

  1. 1961-ലെ സര്‍വേയ്സ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് ഭൂമി സര്‍വേ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന് ഭൂമിയില്‍ പരിശോധന നടത്താന്‍ അനുമതി വേണ്ട. പക്ഷേ, കല്ലിട്ട് തിരിക്കല്‍ തുടങ്ങിയവയ്ക്കും അളവിനും ഉടമയെ അറിയിക്കണം. നോട്ടീസ് നല്‍കി മാത്രമേ ഭൂമിയില്‍ പ്രവേശിക്കാവൂ. ഈ നിയമപ്രകാരം ഇപ്പോഴത്തെ കല്ലിടല്‍ തെറ്റാണെന്ന് ഉടമകള്‍ പറയുന്നു. എന്നാല്‍, വിജ്ഞാപനംചെയ്ത സര്‍വേ നമ്പരുകളില്‍ സാമൂഹികാഘാത പഠനം നടത്തുമെന്ന് നേരത്തേ അറിയിച്ചതാണെന്ന് കെ-റെയിലും വാദിക്കുന്നു.
  2. 2013-ലെ കേന്ദ്ര നിയമമായ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പേരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആണ് എല്‍.എ.ആര്‍.ആര്‍.എ. നിയമം എന്നറിയപ്പെടുന്നത്. ഇതില്‍ നാല്, അഞ്ച്, ആറ് സെക്ഷനുകളിലാണ് സാമൂഹികാഘാതം വിലയിരുത്തുന്നതിന്റെ വ്യവസ്ഥകളുള്ളത്. അതിന് ഭൂമി അതിരിടേണ്ടതില്ല. സെക്ഷന്‍ ഏഴ് വിദഗ്ധ പഠനം, എട്ട് സര്‍ക്കാര്‍ വിലയിരുത്തല്‍, 11 വിജ്ഞാപനം എന്നിവയെക്കുറിച്ച് പറയുന്നു.
  3. പദ്ധതി തള്ളുന്നോ, കൊള്ളുന്നോ എന്ന് വിജ്ഞാപനത്തിന് മുന്നോടിയായി തീരുമാനിക്കണം. സെക്ഷന്‍ 12 പ്രകാരം തദ്ദേശസ്ഥാപനം, ഉടമകള്‍ തുടങ്ങി എല്ലാവരെയും അറിയിച്ച് നടപടികളിലേക്ക് പോകണം. ഇവിടെയും അതിരുതിരിക്കല്‍ അവസാന ഘട്ടത്തിലാണ് വരിക.
  4. 2013-ലെ നിയമപ്രകാരമോ, മറ്റ് സംസ്ഥാന നിയമങ്ങള്‍ പ്രകാരമോ റെയില്‍വേ ഭൂമി ഏറ്റെടുക്കലിന് മുന്നോടിയായി വിവിധ പഠനങ്ങള്‍ക്ക് കല്ലിട്ടുതിരിക്കുന്ന രീതി ഉണ്ടായിട്ടില്ലെന്ന് റെയില്‍വേ മുന്‍ ചീഫ് എന്‍ജീനീയര്‍ അലോക് വര്‍മയും പറയുന്നു. എന്നാല്‍, ഹൈക്കോടതിയില്‍വരെ നല്‍കിയ ഉറപ്പ് പാലിക്കാനുള്ളതാണെന്നും കല്ലിടുന്നത് പഠനത്തിനുവേണ്ടി മാത്രമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ-റെയിലും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here