ദുബൈ: രണ്ട് വർഷമായി ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രവിലക്ക് നീങ്ങി. ഇതോടെ വിമാന സർവിസുകൾ പഴയപടിയായി. കോവിഡിനെ തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങളുമായി എയർ ബബ്ൾ കരാർ ഉണ്ടാക്കി ഈ കാലയളവിൽ വിമാന സർവിസ് നടത്തിയിരുന്നു. ഇതുമൂലം നിശ്ചിത എണ്ണം വിമാനങ്ങൾ മാത്രമായിരുന്നു സർവിസ് നടത്തിയിരുന്നത്. ഇന്നലെ മുതൽ യാത്രവിലക്ക് പൂർണമായും നീക്കുന്നതോടെയാണ് കൂടുതൽ വിമാനങ്ങൾ സർവിസ് നടത്തുന്നത്. ഇതോടെ വിമാനനിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
അതേസമയം, ചില വിമാന സർവിസുകൾ ഇതിനകം റീ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.എയർ ബബ്ൾ കരാർ അവസാനിക്കുന്നതിനാലാണ് വിമാനങ്ങളുടെ സമയം മാറിയത്. പുറപ്പെടുന്ന വിമാനത്താവളങ്ങളും മാറിയിട്ടുണ്ട്. യാത്രക്ക് മുമ്പ് വിമാനക്കമ്പനികളിലോ ട്രാവൽ ഏജൻസികളിലോ വിവരം അന്വേഷിച്ചശേഷംവേണം യാത്രചെയ്യാൻ. യാത്രവിലക്ക് പിൻവലിക്കുന്നതോടെ കൂടുതൽ വിമാന സർവിസുകൾ കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിലേക്ക് കൂടുതൽ സർവിസ് നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചിരുന്നു. ഒമ്പത് ഇന്ത്യൻ നഗരങ്ങളിലേക്കായി ആഴ്ചയിൽ 170 സർവിസുകളാണ് ആകെ നടത്തുക. കൊച്ചിയിലേക്ക് ആഴ്ചയിൽ 14ഉം തിരുവനന്തപുരത്തേക്ക് ഏഴ് സർവിസുകളും ഇതിൽ ഉൾപ്പെടും.