അനാഥമായി മൃതദേഹങ്ങൾ, തിരിച്ചെടുക്കാതെ റഷ്യ; ചോരയുടെ ഗന്ധം നിറഞ്ഞ് യുക്രെയ്‌ൻ

0
307

കീവ് ∙ 2022 മാർച്ച് 24..സാധാരണഗതിയിൽ യുക്രെയ്‌നിൽ വസന്തകാലത്തിന്റെ ആരംഭമാണ്. എന്നാൽ അന്തരീക്ഷത്തിലാകെ ചോരയുടെ മണം തളം കെട്ടി നിൽക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്‌നിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ലീവ് മേയർ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: ‘റഷ്യൻ സൈനികരുടെ ശരീരങ്ങൾ നീക്കം ചെയ്യാൻ പ്രദേശവാസികളും സഹകരിക്കണം. മൃതദേഹങ്ങൾ ബാഗുകളിലേക്ക് മാറ്റാൻ സഹായിക്കണം. രാജ്യത്തെ നിരവധി ആളുകളെ നമുക്ക് യുദ്ധത്തിൽ ഇതിനകം നഷ്ടമായി. ഈ ശരീരങ്ങൾ നീക്കം ചെയ്യേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയാണ് യുക്രെയ്‌നിൽ നിലവിലുള്ളത്.’- കിം പറഞ്ഞു. മൃതദേഹങ്ങൾ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ ഗവർണർ നിർദേശിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം അവ റഷ്യയിലേക്ക് കയറ്റിയയയ്ക്കാം.

ukraine-war
യുക്രെയ്നിൽ മൃതദേഹങ്ങൾക്കരികിലൂടെ നടക്കുന്ന സൈനികൻ.

എന്നാൽ മരണസംഖ്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ആശയക്കുഴപ്പമാണ് അവ റഷ്യയിലേക്ക് അയയ്ക്കുന്നതിന് വിലങ്ങുതടിയായി നിലനിൽക്കുന്നത്. യുക്രെയ്നിൽ എത്ര റഷ്യൻ സൈനികർ  കൊല്ലപ്പെട്ടു എന്നതിന് വ്യത്യസ്‌ത കണക്കുകളാണ് ഇരു രാജ്യങ്ങളും  നൽകിയിരിക്കുന്നത്.  ഇതുവരെ 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ പ്രതിരോധവിഭാഗം അവകാശപ്പെടുന്നു. എന്നാൽ 9861 റഷ്യൻ സൈനികർ മരണപ്പെട്ടതായാണ് വിവിധ റഷ്യൻ ഏജൻസികൾ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെന്ന് റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

‘ആയിരക്കണക്കിന് മൃതദേഹങ്ങളാണ് യുക്രെയ്നിൽ കെട്ടിക്കിടക്കുന്നത്. ഇവ തിരികെ കൊണ്ടുപോവാൻ റഷ്യ സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്നം. അവർക്ക് മൃതദേഹങ്ങൾ ആവശ്യമില്ല എന്നാണ് തോന്നുന്നത്. അടുത്ത കുറെ ആഴ്ചകളിൽ ഈ മൃതദേഹങ്ങൾ കൊണ്ട് ഞങ്ങൾ എന്തുചെയ്യും എന്നാണ് എനിക്ക് അറിയാത്തത്.’- ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here